സ്‌കൂളുകളിലെ യോഗ വര്‍ഗീതയ്ക്ക്; തടയുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍
ദില്ലി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലും യോഗ പരിപാടി നടത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം വര്‍ഗീയ അജണ്ടയുടെ ഭാഗമായാണെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീര്‍. സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ട മുസ്ലീം ലീഗ് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മതേതര രാഷ്ട്രമാണ്. ഏതെങ്കിലും ഒരു മതത്തിന്റെ അജണ്ട മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് തടയുകതന്നെ ചെയ്യും. എല്ലാ മേഖലയിലും മതാത്മകത കടത്തിവിടാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മനുഷ്യ സ്‌നേഹികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. യോഗയിലെ സൂര്യനമസ്‌കാരം അടക്കമുള്ളവ ഇസ്ലാം വിശ്വാസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് മന്ത്രിയായിരിക്കെ സംസ്‌കൃത സര്‍വകലാശാല ആരംഭിച്ചയാളാണ് താന്‍. എന്നാല്‍, ഗീതയോ ഖുര്‍ആനോ ബൈബിളോ പാഠ്യ പദ്ധതിയുടെ ഭാഗമായി അടിച്ചേല്‍പിക്കുന്നത് ഭരണ ഘടനാ ലംഘനമാണെന്നും അത് ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ഇന്ത്യക്കാരനും ഇതിനെതിരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ഓര്‍മപ്പെടുത്തി.
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി യുഎന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദില്ലിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. യോഗ ദിനത്തില്‍ എല്ലാ സ്‌കൂളുകളിലും യോഗയുമായി ബന്ധപ്പെട്ട പരിപാടി നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അത് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications