എത്യോപ്യ അഗ്നിപർവ്വത സ്ഫോടനം; കൊച്ചിയിൽ നിന്നുൾപ്പെടെയുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി
കൊച്ചി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് കൊച്ചിയിൽ നിന്ന് ഉൾപ്പെടെയുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. ആകാശ് എയർ, ഇൻഡിഗോ, കെഎൽഎം തുടങ്ങിയ വിമാനക്കമ്പനികളാണ് സർവ്വീസുകൾ റദ്ദ് ചെയ്തത്.
കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകൾ എന്നിവയാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. അതേസമയം ആകാശ് എയർ സർവീസ് എങ്ങനെ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചിട്ടില്ല. കണ്ണൂർ എയർപോർട്ടിൽ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനവും വഴിതിരിച്ചുവിട്ടിട്ടുണ്ട്. കെഎൽഎം റോയൽ ഡച്ച് എയർലൈൻസ് ആംസ്റ്റർഡാമിൽ നിന്ന് ഡൽഹിയിലേക്കുള്ള കെഎൽ 871 വിമാനവും തിരിച്ചുള്ള കെഎൽ 872 വിമാനവും റദ്ദാക്കിയിട്ടുണ്ട്.

എത്യോപ്യയിലെ അഫാർ മേഖലയിലുള്ള അഗ്നിപർവതം ഞായറാഴ്ച രാവിലെയാണ് പൊട്ടിത്തെറിച്ചത്. ഇതോടെ സമീപത്തുള്ള അഫെറ ഗ്രാമം മുഴുവൻ പൊടിയിൽ മൂടി. എർത്താ അലേയ്ക്കും അഫെറ ടൗണിനും ചുറ്റുമുള്ള പ്രദേശങ്ങളിൽ സ്ഫോടനം നേരിയ ഭൂചലനങ്ങൾക്ക് കാരണമായതായി അഫാർ ടിവി റിപ്പോർട്ട് ചെയ്തു. സജീവമായ എർത്താ അലേ അഗ്നിപർവതത്തിന് തെക്കുകിഴക്കായി ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്.
സ്ഫോടനത്തിന് ശേഷം കിഴക്കൻ ദിശയിലേക്ക് നീങ്ങുന്ന ചാരമേഘം ഉടൻതന്നെ ഉത്തരേന്ത്യയിൽ വ്യാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. രാജസ്ഥാന്റെയും ഹരിയാനയുടെയും ചില ഭാഗങ്ങളിൽ ഇതിനകം ചാരമേഘങ്ങൾ എത്തിയിട്ടുണ്ട്. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡൽഹിക്ക് മുകളിലൂടെ ചാരമേഘത്തിന്റെ ഭാഗങ്ങൾ നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നത് . ചാരമേഘം വ്യാപിച്ചാൽ ഡൽഹി, സമീപ പ്രദേശങ്ങൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വായുവിന്റെ ഗുണനിലവാരം കൂടുതൽ മോശമാക്കിയേക്കാം.
ചാരമേഘം ബാധിച്ച പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ നിർദ്ദേശങ്ങൾക്കനുസരിച്ച് വിമാനങ്ങളുടെ റൂട്ട്, ഇന്ധനം എന്നിവ ക്രമീകരിക്കാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. എഞ്ചിന്റെ പ്രവർത്തനത്തിലെ അസാധാരണത്വങ്ങൾ, കാബിനിലെ പുക അല്ലെങ്കിൽ ദുർഗന്ധം എന്നിവയുൾപ്പെടെയുള്ള ചാരത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.അഗ്നിപർവത ചാരം വിമാനത്താവള പ്രവർത്തനങ്ങളെ ബാധിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട ഓപ്പറേറ്റർമാർ റൺവേകൾ, ടാക്സിവേകൾ, ഏപ്രണുകൾ എന്നിവ ഉടനടി പരിശോധിക്കണമെന്ന് ഡിജിസിഎ അറിയിച്ചു.അഗ്നിപർവത ചാരമേഘത്തിന്റെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കാനും ഉപഗ്രഹ ചിത്രങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ എന്നിവയിലൂടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications