'അജ്മൽ കസബിന് പോലും ഇന്ത്യയിൽ ന്യായമായ വിചാരണ ലഭിച്ചു'; യാസിൻ മാലിക് കേസിൽ സുപ്രീം കോടതി
ഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിന് പോലും ഇന്ത്യയിൽ ന്യായമായ വിചാരണ ലഭിച്ചതാണെന്ന് സുപ്രീം കോടതി. ജമ്മു കശ്മീർ വിഘടനവാദി നേതാവ് യാസീൻ മാലികിനെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന ജമ്മുകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐ ഹർജിയിലാണ് കോടതിയുടെ പരാമർശം. തീവ്രവാദ ഫണ്ടിംഗ് കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുകയാണ് യാസിൻ മാലിക്.
1990 ൽ ശ്രീനഗറിൽ നാല് വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലും 1989 ൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയിദിന്റെ മകൾ റുബിയ സയിദിനെ തട്ടിക്കൊണ്ടുപോയ കേസിലും യാസിന്റെ നേരിട്ടുള്ള വിചാരണ ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണയ്ക്കായി യാസിൻ മാലിക് നേരിട്ട് ഹാജരാകണമെന്ന് ടെററിസ്റ്റ് ആൻ്റ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്‌ട് കേസുകൾ പരിഗണിക്കുന്ന ജമ്മുവിലെ കോടതി ആവശ്യപ്പെട്ടിരുന്നു. നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന ആവശ്യം യാസിനും ഉന്നയിച്ചിരുന്നു. എന്നാൽ യാസിനെ നേരിട്ട് ഹാജരാക്കുന്നത് ജമ്മു കാശ്മീരിലെ അന്തരീക്ഷം മാറ്റുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും സിബിഐ കോടതി ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഹർജി ജസ്റ്റിസ് എഎസ് ഓകയും , എജി മാഷിഷുമാണ് വ്യാഴാഴ്ച പരിഗണിച്ചത്.
യാസിൻ മാലിക്കിനെ ജമ്മുവിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത കോടതിയിൽ വാദിച്ചു. എന്നാൽ പ്രതിയെ നേരിട്ട് ഹാജരാക്കാതെ വീഡിയോ കോൺഫറൻസിലൂടെ എങ്ങനെ വിചാരണ നടത്തുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ജമ്മുവിൽ ഇന്റ്നെർറ്റ് കണക്ടിവിറ്റി മോശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരിട്ട് ഹാജരാകണമെന്ന് യാസിന് നിർബന്ധമാണെങ്കിൽ കേസ് ഡൽഹിയിലേക്ക് മാറ്റാമെന്ന് മെഹ്ത കോടതിയിൽ വാദിച്ചു. വെറുമൊരു തീവ്രവാദി മാത്രമല്ല യാസിൻ മാലിക് എന്നും മെഹ്ത പറഞ്ഞു. ഇതിന് മറുപടിയായിട്ടായിരുന്നു അജ്മൽ കസബിന്റെ വിചാരണ സംബന്ധിച്ച് കോടതി പരാമർശിച്ചത്. ഇതിന് മാലിക്ക് പലതവണയായി പാകിസ്ഥാനിലേക്ക് പോകുകയും ഹഫീസ് സയീദുമായി വേദി പങ്കിടുകയും ചെയ്തതായി മെഹ്ത ചൂണ്ടിക്കാട്ടി. ഫോട്ടോകളും കോടതിയിൽ ഹാജരാക്കി. തീഹാർ ജയിലിൽ തന്നെ കോടതി സജ്ജമാക്കണമെന്നും ആവശ്യമെങ്കിൽ ഡൽഹിയിൽ നിന്നുള്ള ജഡ്ജിനെ നിയമിക്കണമെന്നും മെഹ്ത ആവശ്യപ്പെട്ടു.
ആവശ്യം അംഗീകരിച്ച കോടതി കേസിൽ എത്ര സാക്ഷികൾ ഹാജരാകുമെന്നും അവരുടെ സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് മാർഗങ്ങൾ കണ്ടെത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ കേസിന്റെ വിചാരണയ്ക്ക് മാത്രമായി എങ്ങനെ ഒരു ജഡ്ജിയെ ജയിലിൽ നിയമിക്കുമെന്ന് കണ്ടറിയണമെന്നും കോടതി പറഞ്ഞു. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications