എംകെ സ്റ്റാലിനും ഞെട്ടിക്കുന്ന തോൽവി; കൊളത്തൂരിൽ ടിവികെ നേതാവ് വിഎസ് ബാബു വിജയിച്ചു
ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി വിഎസ് ബാബുവിനോടാണ് സ്റ്റാലിൻ തോൽവി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, 22 റൗണ്ടുകളിൽ 17 എണ്ണം പൂർത്തിയായപ്പോൾ വിഎസ് ബാബു 7731 വോട്ടുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്.
വടക്കൻ ചെന്നൈയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായ കൊളത്തൂർ ഡി എം കെയുടെ ദീർഘകാല കോട്ടയാണ്. കഴിഞ്ഞ 15 വർഷമായി മുഖ്യമന്ത്രി സ്റ്റാലിനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെയുടെ ആദി രാജാറാമിനെ 70,384 വോട്ടിന് തോൽപ്പിച്ചായിരുന്നു അദ്ദേഹം മണ്ഡലം നിലനിർത്തിയത്. ഇക്കുറിയും മണ്ഡലം കൈപ്പിടിയിൽ നിൽക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു സ്റ്റാലിൻ. എന്നാൽ അപ്രതീക്ഷിത തിരിച്ചടിയാണ് അദ്ദേഹം നേരിട്ടത്.

ആരാണ് വിഎസ് ബാബു
ടിവികെയുടെ പ്രധാന നേതാക്കളിലൊരാളാണ് വിഎസ് ബാബു. നിലവിൽ പാർട്ടിയുടെ സംയുക്ത ജനറൽ സെക്രട്ടറിയാണ്. ടി.വി.കെ-യിൽ ചേരുന്നതിന് മുമ്പ്, ബാബുവിന് മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടായിരുന്നു. 2006 മുതൽ 2011 വ വരെ ചെന്നൈ കോർപ്പറേഷനിൽ നിർണായക പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഈ സമയത്ത് എ.ഐ.എ.ഡി.എം.കെ-യുടെ ഭാഗമായിരുന്നു ബാബു.
കനത്ത തിരിച്ചടി
സംസ്ഥാനത്ത് അപ്രതീക്ഷിത തിരിച്ചടിയാണ് ഡിഎംക ഇത്തവണ നേരിട്ടത്.
പ്രാഥമിക പ്രവചനങ്ങൾ അനുസരിച്ച്, ആകെ 234 സീറ്റുകളിൽ 110 എണ്ണത്തിലാണ് ഇപ്പോൾ ടിവികെ ലീഡ് ചെയ്യുന്നത്. ടിവികെയാണ് നിലവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും 8 സീറ്റുകൾ കുറവാണിത്. ഭരണത്തിലേറണമെങ്കിൽ എ ഐ എ ഡി എം കെ, കോണ്‍ഗ്രസ് മുന്നണികളുമായി ടിവികെ സഖ്യത്തിലെത്തുമോയെന്നാണ് ഇനി ഉറ്റുനോക്കേണ്ടത്. അത്തരം സാധ്യതകൾ നേതൃത്വം പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എം എൽ എമാരുടെ കൂടുമാറ്റം തടയുകയെന്ന ലക്ഷ്യത്തോടെ ജയിച്ചവരോട് പ്രത്യേക സ്ഥലത്ത് എത്തിച്ചേരാൻ വിജയ് നിർദേശം നൽകിയിട്ടുണ്ട്.
എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തിയ ഫലം
ഇത്തവണ തമിഴ്നാട്ടിൽ ഡി എം കെ തുടർഭരണം കുറിക്കുമെന്നായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്. ടിവികെ നിർണായക കക്ഷിയാകുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും കന്നിപ്പോരാട്ടത്തിൽ ഇത്രയും മികച്ചൊരു പോരാട്ടം ടി വി കെ തന്നെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്ന് വേണം കരുതാൻ.












Click it and Unblock the Notifications