'വിരാട് കോലി വരെ എന്റെ കീഴിൽ കളിച്ചു, അതിനെ കുറിച്ചൊന്നും മിണ്ടുന്നില്ലല്ലോ'; തേജസ്വി യാദവ്
പട്ന; വിരാട് കോലി തന്റെ കീഴിൽ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. ആരും തന്റെ ക്രിക്കറ്റ് കരിയറിനെ കുറിച്ച് സംസാരിക്കുന്നില്ല. ഞാനൊരു ക്രിക്കറ്റർ ആയിരുന്നു. ഇന്ത്യൻ ടീമിലെ പലരും തന്റെ സഹതാരങ്ങളായിരുന്നു', ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തേജസ്വി യാദവ് പറഞ്ഞു.
തേജസ്വി യാദവിൻറെ വിദ്യാഭ്യാസ യോഗ്യത ചൂണ്ടിക്കാട്ടി രാഷ്ട്രീയ എതിരാളികൾ പരിഹസിക്കാറുണ്ട്. തേജസ്വി ഒൻപതാം ക്ലാസിൽ പരാജയപ്പെട്ടയാളാണെന്ന് നേരത്തേ പ്രശാന്ത് കിഷോർ അടക്കം പരിഹസിച്ചിരുന്നു. ഒരു മുഖ്യമന്ത്രിയുടെ മകനായിരുന്നിട്ട് കൂടി 9ാം ക്ലാസിൽ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസത്തോടുള്ള അയാളുടെ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നായിരുന്നു പ്രശാന്ത് കിഷോർ പറഞ്ഞത്. ഇത്തരമൊരാൾക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ യോഗ്യത ഇല്ലെന്നും പ്രശാന്ത് പരിഹിച്ചിരുന്നു. ഇതിനോടെല്ലാമാണ് തേജസ്വിയുടെ പ്രതികരണം.

'എന്റെ ലിഗ്മെന്റിന് പരിക്കേറ്റപ്പോഴാണ് ഞാൻ ക്രിക്കറ്റ് വിട്ടത്. ഇതൊന്നും ആരും പറയുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ തനിക്കെതിരെ പ്രവർത്തിക്കാൻ പല ബ്രോക്കർമാരേയും ബിജെപിയും മറ്റ് രാഷ്ട്രീയ പാർട്ടികളും ചുമതലപ്പെടുത്താറുണ്ടെന്നും തേജസ്വി തുറന്നടിച്ചു. ഇത്തരം ആരോപണങ്ങളൊന്നും ബിഹാറിലെ ജനങ്ങളുടെ അടുത്ത് ചിലവാകാൻ പോകുന്നില്ല. അവർക്ക് ഇത്തരം പ്രസ്താവനങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്താണെന്ന് കൃത്യമായി അറിയാം', തേജസ്വി പറഞ്ഞു.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ക്രിക്കറ്റർ ആയിരുന്ന തേജസ്വി ഐപിഎല്ലിൽ അടക്കം കളിച്ചിട്ടുണ്ട്. പിതാവ് ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് തേജസ്വി തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്. ഡൽഹിയിലായിരുന്നു ക്രിക്കറ്റ് അരങ്ങേറ്റം. 2008ലെ ഐപിഎൽ ആദ്യ സീസണിൽ ഡൽഹി ഡെയർഡെവിൾസിന് വേണ്ടി കളിച്ചിരുന്നു. എന്നിരുന്നാലും, പരുക്ക് മൂലം 2010 ഓടെ അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു.
2009ൽ വിദർഭയ്‌ക്കെതിരെയായിരുന്നു തേജസ്വിയുടെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം ഇതിൽ രണ്ട് ഇന്നിങ്സിൽ 20 റൺ ആണ് തേജസ്വി നേടിയത്. 2010 ഫെബ്രുവരിയിൽ ജാർഖണ്ഡും ത്രിപുരയും തമ്മിലുള്ള ലിസ്റ്റ് എ ഗെയിമായിരുന്നു അദ്ദേഹത്തിൻ്റെ അവസാന മത്സരം. ഈ മാച്ചിൽ 5 റൺസും ഒരു വിക്കറ്റുമാണ് തേജസ്വിക്ക് ലഭിച്ചത്. 2009 ൽ ധൻബാദിൽ നടന്ന ത്രിപുര- ജാർഖണ്ഡ് മത്സരത്തിലായിരുന്നു യാദവിൻ്റെ T20 അരങ്ങേറ്റം . കരിയറിലെ 4 ടി 20 മാച്ചിൽ ആകെ 3 റൺ ആണ് തേജസ്വിക്ക് നേടാൻ കഴിഞ്ഞത്.












Click it and Unblock the Notifications