നാലിലൊന്ന് ഇന്ത്യയില്‍ ഇപ്പോഴും തൊട്ടുകൂടായ്മ!!!
ദില്ലി: സാക്ഷരതാ നിരക്ക് കുത്തനെ ഉയര്‍ന്നിട്ടും ജീവിത സാഹചര്യങ്ങള്‍ മാറിയിട്ടും, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയില്‍ തൊട്ടുകൂടായ്മ. അതും നിയമം മൂലം അറുപത് വര്‍ഷങ്ങള്‍ മുമ്പേ തൊട്ടുകൂടായ്മ നിരോധിച്ച ഒരു രാജ്യത്ത്. എങ്ങനെ വിശ്വസിക്കും. എങ്ങനെ വിശ്വസിക്കാതിരിക്കും. മേരിലാന്‍ഡ് എന്ന അമേരിക്കന്‍ സര്‍വ്വകലാശാലയും നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ സര്‍വ്വേയാണ് ഇക്കാര്യം പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയതും പഴയതുമായ നോണ്‍ പ്രോഫിറ്റ് ഇക്കണോമിക് പോളിസി സര്‍വ്വേ ഇന്‍സ്റ്റിറ്റ്യൂട്ടായ എന്‍ സി എ ഇ ആര്‍ 42000 പേരിലാണ് സര്‍വ്വേ നടത്തിയത്. കേരളം, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ട് എന്ന് സര്‍വ്വേ പറയുന്നു.

ഒരു കാലത്ത് തൊട്ടുകൂടായ്മയുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്ന എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങള്‍ക്കിടയിലും മുസ്ലിങ്ങള്‍ക്കിടയിലും തൊട്ടുകൂടായ്മ ശക്തമായി ഉണ്ടെന്ന് സര്‍വ്വേ പറയുന്നു. വീടിന് അകത്തും പുറത്തുമായി തൊട്ടുകൂടായ്മയുണ്ട് എന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 25 ശതമാനം പേരും പറയുന്നു. മതങ്ങളും ജാതികളും ഇതില്‍ നിന്നും മുക്തരല്ലത്രെ.
ജൈനന്മാരില്‍ 35 ശതമാനം, ഹിന്ദുക്കളില്‍ 30 ശതമാനം, സിഖുകാരില്‍ 23 ശതമാനം, മുസ്ലിങ്ങളില്‍ 18 ശതമാനം എന്നിങ്ങനെ പോകുന്നു തൊട്ടുകൂടായ്മയുടെ അളവ്. മധ്യപ്രദേശിലാണ് തൊട്ടുകൂടായ്മ ഏറ്റവും കൂടുതലുള്ളത്, 56 ശതമാനം. ഹിമാചലില്‍ 50, ഛത്തീസ്ഗഡില്‍ 48, ബിഹാറിലും രാജസ്ഥാനിലും 47, ഉത്തര്‍ പ്രദേശില്‍ 43 ശതമാനം എന്ന തോതിലും തൊട്ടുകൂടായ്മ ഉണ്ടത്രെ. കേരളത്തിലും ഉണ്ട് തൊട്ടുകൂടായ്മ - രണ്ട് ശതമാനം.












Click it and Unblock the Notifications