മരുമകളുടെയും കുട്ടികളുടെയും മരണം; മുന്‍ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വാറങ്കലിലെ മുന്‍ കോണ്‍ഗ്രസ് എംപി ഡോ. സിര്‍സില്ല രാജയ്യയുടെ മകന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച സംഭവത്തില്‍ രാജയ്യയെ പോലീസ് അറസ്റ്റ് ചെയ്തു. മരുമകള്‍ ശാരികയും മക്കളായ അഭിനവ്(7), അയന്‍ (3), ശ്രിയന്‍ (3) എന്നിവരാണ് ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്.
ഒന്നാംനിലയിലെ മുറിയില്‍ ദുരൂഹരീതിയില്‍ തീപര്‍ന്നാണ് മരണം സംഭവിച്ചത്. എല്‍പിജി സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നാണ് അപകടമെന്ന് പറയപ്പെടുന്നു. ശാരികയുടെ മുറിയില്‍ നിന്നും എല്‍പിജി സിലിണ്ടറും റെഗുലേറ്ററും പോലീസ് കണ്ടെടുത്തു. ശാരിക ആത്മഹത്യ ചെയ്തതാണെന്നും റിപ്പോര്‍ട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശാരികയുടെ കുടുംബം ആരോപിച്ചു.

ശാരികയ്ക്ക് ഭര്‍തൃവീട്ടില്‍ പീഡനമേല്‍ക്കേണ്ടിവന്നെന്നാണ് ശാരികയുടെ സഹോദരിയും അമ്മയും ആരോപിക്കുന്നത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും അമ്മ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി സിര്‍സില്ലയേയും മകനെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ശാരിക സ്ത്രീധന പീഡനക്കേസ് നല്‍കിയതിനെ തുടര്‍ന്ന് 2014ല്‍ രാജയ്യ, ഭാര്യ മാധവി, മകന്‍ അനില്‍ കുമാര്‍, മറ്റൊരു സ്ത്രീ എന്നിവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാജയ്യയുടെ വീടിനു മുന്നില്‍ ശാരികയും മക്കളും ധര്‍ണ നടത്തിയതും വാര്‍ത്തയായിരുന്നു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യവും ശാരിക വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications