ഓട്ടോഡ്രൈവര്‍ മുഖത്തടിച്ചു; പിന്നാലെ ഗോവ മുന്‍ എംഎല്‍എ കുഴഞ്ഞു വീണ് മരിച്ചു
ബംഗളൂരു: പൊതുമധ്യത്തില്‍ ഓട്ടോ ഡ്രൈവറുടെ അടിയേറ്റ ഗോവ മുന്‍ എംഎല്‍എ ലാവൂ മംലെദാര്‍ കുഴഞ്ഞുവീണു മരിച്ചു. 68 വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് കര്‍ണാടകയിലെ ബെലഗാവിയിലാണ് ദാരുണമായ സംഭവം നടന്നത്. മരണ കാരണം വ്യക്തമായിട്ടില്ല. 2012 മുതല്‍ 2017 വരെ ഗോവയിലെ പോണ്ട നിയോജകമണ്ഡലത്തിന്റെ എംഎല്‍എയായിരുന്നു അദ്ദേഹം.
ഖഡെ ബസാറിലെ ശ്രീനിവാസ് ലോഡ്ജില്‍ ഒരു മുറി ബുക്ക് ചെയ്തശേഷമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജിന് സമീപം ഇടുങ്ങിയ റോഡില്‍ മംലെദാറിന്റെ വാഹനം ഓട്ടോയില്‍ ഇടിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സമീപമുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ലാവു മംലെദാറും ഡ്രൈവറും തമ്മില്‍ രൂക്ഷമായ കൈയേറ്റം നടന്നതായി കാണാം. ഓട്ടോ ഡ്രൈവര്‍ നഷ്ടപരിഹാരം ചോദിച്ചെങ്കിലും നല്‍കാന്‍ മംലെദാര്‍ തയാറായില്ല.

ഇതിനു പിന്നാലെ മംലെദാര്‍ ഡ്രൈവറെ അടിച്ചു. ഇതോടെ തര്‍ക്കം അക്രമാസക്തമായി. ഡ്രൈവര്‍ തിരിച്ച് മംലെദാറിനെയും അടിക്കുന്നുണ്ട്. ചുറ്റുമുള്ള ആളുകള്‍ ഇടപെട്ട് ഡ്രൈവറെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും എംഎല്‍എയെ അടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
നാട്ടുകാര്‍ പിടിച്ചുമാറ്റിയതിനെതുടര്‍ന്ന് മംലെദാര്‍ ലോഡ്ജിനുള്ളിലേക്ക് കയറിപ്പോയി. മംലെദാര്‍ ലോഡ്ജിന്റെ പടികള്‍ കയറിപ്പോകുമ്പോള്‍ പെട്ടെന്ന് കുഴഞ്ഞു വീണതായി ലോഡ്ജിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടിയുടെ മുന്‍ എംഎല്‍എയാണ് ലാവു മംലെദാര്‍. പൊലീസ് അന്വേഷണം ആരംഭിച്ചിച്ചിട്ടുണ്ട്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications