വിജയിയെ വിറപ്പിച്ച റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥന്‍; ഇന്ന് താരത്തിന്റെ വലംകൈ, ആരാണ് അരുണ്‍രാജ്
ചെന്നൈ: ദളപതി വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) രാഷ്ട്രീയ യാത്രയുടെ ദിശയില്‍ മാറ്റം വരുത്തി. പാര്‍ട്ടിയുടെ പോളിസി ജനറല്‍ സെക്രട്ടറിയായി പുതിയ വ്യക്തിയെ നിയോഗിച്ചു. ഇന്ത്യന്‍ റവന്യു സര്‍വീസില്‍ (ഐആര്‍എസ്) സേവനം അനുഷ്ടിച്ചിരുന്ന ഡോ. കെജെ അരുണ്‍രാജ് ആണ് ടിവികെയുടെ പോളിസി ജനറല്‍ സെക്രട്ടറി.
വിജയ് തന്നെയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. പാര്‍ട്ടിയുടെ നയങ്ങള്‍ തീരുമാനിക്കുക ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും. മാത്രമല്ല, പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും അരുണ്‍രാജ് നേതൃത്വം നല്‍കും. ബിഹാറില്‍ നിന്നുള്ള രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ടിവികെക്ക് വേണ്ടി തന്ത്രം മെനയുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും പിന്നീട് അപ്‌ഡേറ്റുകള്‍ ലഭ്യമായിരുന്നില്ല. ആരാണ് കെജെ അരുണ്‍രാജ് എന്ന് അറിയാമോ...

ഭരണകാര്യങ്ങള്‍ അരുണ്‍രാജിന് വര്‍ഷങ്ങള്‍ നീണ്ട പരിചയ സമ്പത്തുണ്ട്. കൂടാതെ ഉന്നത ബിരുദമുള്ള വ്യക്തിയുമാണ്. ഇതെല്ലാം ടിവികെക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിജയ്. അരുണ്‍ രാജിന്റെ നിര്‍ദേശങ്ങള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത് എന്ന് വിജയ് പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍ ആനന്ദുമായി ചേര്‍ന്നായിരിക്കും അരുണ്‍ രാജ് പ്രവര്‍ത്തിക്കുക.
ആദ്യം ഡോക്ടറായിരുന്നു അരുണ്‍ രാജ്. പിന്നീടാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതും ഐആര്‍എസില്‍ ജോലി നേടിയതും. ആദായ നികുതി വകുപ്പില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തിട്ടുണ്ട്. തമിഴ്‌നാടിന് പുറമെ മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു. ഇനി ടിവികെയുടെ നേതൃനിരയില്‍ അരുണ്‍ രാജുമുണ്ടാകും.
അന്ന് റെയ്ഡിന് എത്തിയ ഓഫീസര്‍
ഒരുകാലത്ത് വിജയുടെ ഓഫീസുകളിലും വീടുകളിലും ആദായ നികുതി വകുപ്പ് ഇടയ്ക്കിടെ റെയ്ഡ് നടത്തിയിരുന്നു. സിനിമാ പ്രതിഫലത്തിന് തുല്യമായ നികുതി ഒടുക്കുന്നില്ല എന്ന് ആരോപിച്ചിരുന്നു റെയ്ഡ്. എന്നാല്‍ വിജയ് തന്റെ സിനിമകളില്‍ പറഞ്ഞ ചില സംഭാഷണങ്ങളാണ് റെയ്ഡിലേക്ക് നയിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. 2020ല്‍ വിജയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സംഘത്തില്‍ അരുണ്‍രാജുമുണ്ടായിരുന്നു. അന്നത്തെ ഓഫീസര്‍ ഇപ്പോള്‍ വിജയുടെ പാര്‍ട്ടിയിലെ ഉന്നത പദവി വഹിക്കുന്നു എന്നത് വേറിട്ട കാഴ്ചയാണ്.
ഒട്ടേറെ പ്രമുഖരാണ് വിജയുടെ പാര്‍ട്ടിയിലേക്ക് ആകൃഷ്ടരാകുന്നത്. ഹൈക്കോടതി മുന്‍ ജഡ്ജി ആര്‍ രാജശേഖര്‍, മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് ഡേവിഡ് സെല്‍വന്‍, എഐഎഡിഎംകെ മുന്‍ എംഎല്‍എ ആര്‍ രാജലക്ഷ്മി എന്നിവരെല്ലാം ഇപ്പോള്‍ ടിവികെയുടെ പ്രധാന നേതാക്കളാണ്. ടിവികെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് വിജയ് പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് വിജയ്. മധുരയില്‍ നിന്ന് അദ്ദേഹം മല്‍സരിക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഡിഎംകെയെയും ബിജെപിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് വിജയ് രാഷ്ട്രീയത്തില്‍ നിറയുന്നത്. ഒപ്പം മാനുഷിക സഹായങ്ങള്‍ നല്‍കുന്നതിലും അദ്ദേഹത്തിന്റെ പാര്‍ട്ടി സജീവമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുള്ള സമരവും വിജയ് നടത്തിയിരുന്നു. ജനനായകന്‍ എന്ന അവസാന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിരിക്കെ ഇനി സംസ്ഥാന യാത്രയ്ക്ക് ഒരുങ്ങുകയാണ് വിജയ്.












Click it and Unblock the Notifications