മുൻ ഐഎസ്ആർഒ ചെയർമാൻ യുആർ റാവു അന്തരിച്ചു; വിട പറഞ്ഞത് കേരളത്തിനും പ്രിയപ്പെട്ട ശാസ്ത്രജ്ഞൻ
1984 മുതൽ 1994 വരെ ഐഎസ്ആർഒയുടെ ചെയർമാനായ യുആർ റാവുവിന് പത്തോളം അന്താരാഷ്ട്ര ബഹുമതികളും നിരവധി ദേശീയ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ബെംഗളൂരു: ലോക പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും മുൻ ഐഎസ്ആർഒ ചെയർമാനുമായ യുആർ റാവു(85) അന്തരിച്ചു. ജൂലായ് 24 തിങ്കളാഴ്ച പുലർച്ചെ 2.30ഓടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് ഒട്ടേറ സംഭാവനകൾ നൽകിയിട്ടുള്ള ശാസ്ത്രജ്ഞനാണ് യുആർ റാവു എന്ന ഉഡുപ്പി രാമചന്ദ്ര റാവു. 1932 മാർച്ച് 10ന് കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ അഡാമരു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഉഡുപ്പിയിലെ ക്രിസ്ത്യൻ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അദ്ദേഹം മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദവും, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി.

ഡോക്ടർ വിക്രം സാരാഭായി, സതീഷ് ധവാൻ, എംജികെ മേനോൻ തുടങ്ങിയവരോടൊപ്പം ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പ്രവർത്തിച്ച അദ്ദേഹം തിരുവനന്തപുരം ഐഐഎസ്ടിയുടെ ചാൻസലറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1984 മുതൽ 1994 വരെ ഐഎസ്ആർഒയുടെ ചെയർമാനായ യുആർ റാവുവിന് പത്തോളം അന്താരാഷ്ട്ര ബഹുമതികളും നിരവധി ദേശീയ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട യാഥാർത്ഥ്യമാക്കുന്നതിലും രാജ്യത്തിന്റെ ചൊവ്വാ ദൗത്യത്തിലും നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് യുആർ റാവു. ബഹിരാകാശ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് 1976ൽ പത്മഭൂഷണും 2017ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.












Click it and Unblock the Notifications