തെഹല്‍ക്ക പെണ്‍കുട്ടിക്ക് അശ്ലീല ഇമെയില്‍
പനാജി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ പീഡനക്കേസ് നല്‍കിയ പെണ്‍കുട്ടിക്ക് അശ്ലീല ഇ മെയിലുകള്‍ ലഭിക്കുന്നതായി പരാതി. തെഹല്‍ക്കയിലെ മുന്‍ ജീവനക്കാരി കൂടിയായ പെണ്‍കുട്ടി ഗോവ പോലീസിനാണ് ഇക്കാര്യം സംബന്ധിച്ച് പരാതി നല്‍കിയത്. പരാതിക്കാരിയുടെ ചിത്രങ്ങളും അശ്ലീല ഇ മെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ആള്‍ക്കാരിലേക്ക് ഇ മെയില്‍ പ്രചരിക്കുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
തന്നെ പേടിപ്പിച്ച് നിശബ്ദയാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് അജ്ഞാത ഇ മെയില്‍ സന്ദേശങ്ങളിലൂടെ നടക്കുന്നത്. തന്റെ പേര് വിവരങ്ങളും മറ്റും പരസ്യപ്പെടുത്തുന്ന ഇ മെയില്‍ സന്ദേശങ്ങള്‍ നിസാരമായി കാണുന്നില്ല. തന്റെ സ്വഭാവത്തെ താറടിച്ചുകാണിക്കുകയും തെഹല്‍ക്ക എഡിറ്റര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നീതി ലഭിക്കുന്നത് തടസ്സപ്പെടുത്തുകയുമാണ് ഇ മെയില്‍ അയക്കുന്നവരുടെ ഉന്നം - പോലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞു.

രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കപ്പെടേണ്ട തന്റെ പേഴ്‌സണല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പെണ്‍കുട്ടി പരാതിയില്‍ ആവശ്യപ്പെട്ടു. തരുണ്‍ തേജ്പാലിനെതിരായ പീഡനക്കേസ് അന്വേഷിക്കുന്ന ഗോവ ക്രൈംബ്രാഞ്ച് സി ഐ ഡി പോലീസില്‍ തന്നെയാണ് ഇ മെയില്‍ സംബന്ധിച്ച പരാതിയും പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്.
2013 ലാണ് തെഹല്‍ക്ക എഡിറ്റര്‍ ഇന്‍ ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന പരാതി ഉയര്‍ന്നത്. ലിഫ്റ്റില്‍ വെച്ച് രണ്ട് തവണ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് കേസ്. പരാതിയെത്തുടര്‍ന്ന് തെഹല്‍ക്ക എഡിറ്റര്‍ സ്ഥാനം രാജിവെച്ച തുണ്‍ തേജ്പാല്‍ ഇപ്പോള്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്.












Click it and Unblock the Notifications