'രാജ്യത്തിന്റെ കരുത്ത് തെളിയിക്കുന്ന പ്രദർശനം'; എയറോ ഇന്ത്യ ഷോയ്ക്ക് ബെംഗളൂരുവിൽ തുടക്കം
98 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 809 കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്

ബെംഗളൂരു: വ്യോമസേനയുടെ 14-ാമത് വ്യോമ പ്രദർശനം 'എയ്‌റോ ഇന്ത്യ 2023' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിൽ യെലഹങ്കയിലെ എയർബേസിലായിരുന്നു ഉദ്ഘാടനം. എയ്‌റോ ഇന്ത്യ രാജ്യത്തിന്റെ ശക്തിയേയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കരുത്തിന്റെ ഉദാഹരണങ്ങളാണ് രാജ്യത്ത് തന്നെ നിർമിച്ച തേജസ് വിമാനവും ഐഎൻഎസ് വിക്രാന്തും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിദേശ കമ്പനികളുടെ പങ്കാളിത്തം മെച്ചപ്പെടുത്താനും ലക്ഷ്യം വെച്ചുള്ള പ്രദർശനമാണ് എയറോ ഷോ. 17 വരൊണ് പ്രദർശനം നടക്കുക. 98 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 809 കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ' ബില്യൺ കണക്കിന് അവസരങ്ങളിലേക്കുള്ള റൺവേ" എന്നതാണ് എയ്‌റോ ഇന്ത്യ 2023 ന്റെ തീം.
പോർവിമാനങ്ങളും തദ്ദേശീയമായി നിർമിച്ച ഹെലികോപ്റ്ററുകളും എയ്റോ ഷോയിൽ അണിനിരക്കും.വിവിധ ഇന്ത്യൻ, വിദേശ പ്രതിരോധ കമ്പനികൾ തമ്മിൽ 75,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന 251 കരാറുകൾ ഒപ്പുവെച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.എയർബസ് എസ്ഇ, ബോയിംഗ് കോ എന്നിവയിൽ നിന്ന് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന 500 ജെറ്റുകൾ വാങ്ങുന്നതിനുള്ള റെക്കോർഡ് സാധ്യതയുള്ള കരാർ എയർ ഇന്ത്യ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചരിത്രത്തിലാദ്യമായി അമേരിക്കയുടെ വലിയ പ്രതിനിധി സംഘവും ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാർജ് ഡി അഫയേഴ്സ് അംബാസഡർ എലിസബത്ത് ജോൺസ് ബിനാലെയാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഷോയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിന്റെ (യുഎസ്എഎഫ്) മുൻനിര യുദ്ധവിമാനങ്ങളിലൊന്നായ എഫ്-16 ഫൈറ്റിംഗ് ഫാൽക്കൺ ഡ്യുവോ, ദിവസേന വ്യോമ പ്രകടനങ്ങൾ നടത്തും.അതേസമയം F/A-18E, F/A-18F സൂപ്പർ ഹോർനെറ്റ് എന്നിവ നിശ്ചല പ്രദർശനമാണ് നടത്തുക.












Click it and Unblock the Notifications