അമേഠിയില്‍ രാഹുല്‍ ഗാന്ധി വീഴും? പ്രവചിച്ച് സര്‍വ്വേ, ഇനി ജയിച്ചാല്‍ തന്നെ ഭൂരിപക്ഷം ഇങ്ങനെ
ദില്ലി: ഇത്തവണ അമേഠി രാഹുല്‍ ഗാന്ധിക്ക് ബാലികേറാ മലയാകുമെന്ന് സൂചനകള്‍ നല്‍കി എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യാ ടുഡേ സര്‍വ്വേയിലാണ് ഇത്തവണ രാഹുല്‍ അമേഠിയില്‍ വിയര്‍ക്കുമെന്ന് പ്രവചിക്കുന്നത്. ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസിന്‍റെ വിജയം സര്‍വ്വേ പ്രവചിക്കുന്നത്. ഒന്ന് സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം രണ്ടാം സീറ്റ് അമേഠിയാകുമോയെന്നത് സംശയകരമാണെന്ന രീതിയിലാണ് പ്രവചനം.

അമേഠിയില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള വ്യത്യാസം ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ മൂന്ന് ശതമാനത്തില്‍ താഴെയാണെങ്കില്‍ അവിടെ മത്സരം പ്രവചനാതീതമാകുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ രാഹുല്‍ ഇനി ജയിച്ചാല്‍ തന്നെ വെറും 3000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ ലഭിക്കുള്ളൂവെന്നാണ് പ്രവചനം.
കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ കഷ്ടി രക്ഷപ്പെടുകയായിരുന്നു. അന്ന് രാഹുല്‍ 1.07 വോട്ടിനാണ് മണ്ഡലത്തില്‍ ജയിച്ചത്. 2014 ല്‍ മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ പോലും രാഹുലിന് പിടിച്ച് നല്‍കാന്‍ സാധിച്ചെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകള്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്ന് വ്യക്തമാക്കുന്നു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ എതിരാളിയും കേന്ദ്ര മന്ത്രിയുമായി സ്മൃതി ഇറാനി ഇത്തവണ കടുത്ത മത്സരമാണ് മണ്ഡലത്തില്‍ കാഴ്ചവെയ്ക്കുന്നത്.2014 ലെ പരാജയത്തിന് ശേഷവും മണ്ഡലത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമായി സ്മൃതി ഇറാനി നടത്തിയത്.
രണ്ട് തവണ മാത്രമാണ് അമേഠി കോണ്‍ഗ്രസിനെ കൈവിട്ടത്. ഒന്ന് 1977ല്‍ ജനതാ പാര്‍ട്ടി തരംഗത്തില്‍. മറ്റൊന്ന് 1988ലും. ഇത്തവണയും മണ്ഡലത്തില്‍ കോണ്‍ഗ്രസ് തകരുമെന്ന് തന്നെയാണ് ബിജെപി ആവര്‍ത്തിക്കുന്നത്. മണ്ഡലത്തിലെ രാഹുലിന്‍റെ അസാന്നിധ്യവും വയനാട്ടിലേക്കുളള ഒളിച്ചോട്ടവും ബിജെപി ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതി ഇറാനി മണ്ഡലത്തില്‍ വോട്ട് തേടിയത്.
അതേസമയം രണ്ടാം മണ്ഡലമായ വയനാട്ടില്‍ ഇത്തവണ രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാഹുല്‍ വയനാട്ടിലും അമേഠിയിലും ജയിച്ചാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന സംശയങ്ങളും ഉയരുന്നുണ്ട്. രാഹുല്‍ വയനാട് നിലനിര്‍ത്തി അമേഠിയില്‍ പ്രിയങ്ക ഗാന്ധിയെ ഇറക്കാനും സാധ്യത ഉണ്ടെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications