ഉത്തര്‍ പ്രദേശില്‍ തൂക്കുമന്ത്രിസഭയെന്ന് ഇന്ത്യ ടിവി-സി വോട്ടര്‍ എക്‌സിറ്റ് പോള്‍; പഞ്ചാബിൽ ആം ആദ്മി
ദില്ലി: പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ഇത്തവണത്തെ തിരഞ്ഞെടുപ്പുകളെ കാര്യമായി ബാധിക്കില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഏവരും കാത്തിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഇത്തവണ ആര്‍ക്കും കൃത്യമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് ഇന്ത്യ ടിവി -സി വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം.
ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് 155 മുതല്‍ 167 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. സമാജ് വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന് 135 മുതല്‍ 147 സീറ്റുകള്‍ വരെ ലഭിച്ചേക്കും. മൂന്നാം സ്ഥാനത്തെത്തുന്ന ബിഎസ്പിയ്ക്ക് 81 മുതല്‍ 91 സീറ്റുകള്‍ ലഭിച്ചേക്കും. മറ്റുള്ളവര്‍ക്ക് 8 മുതല്‍ 20 സീറ്റുകള്‍ വരേയും.

403 അംഗ നിയമസഭയില്‍ ഭരണം പിടിക്കണമെങ്കില്‍ 203 അംഗങ്ങളുടെ പിന്തുണ വേണം. ഇന്ത്യടിവി സര്‍വ്വേ പ്രകാരം ഉത്തര്‍ പ്രദേശില്‍ ആര്‍ക്കും കേവല ഭൂരിപക്ഷത്തിന് സാധ്യതയില്ല. ബിഎസ്പിയുടെ നിലപാടായിരിക്കും യുപിയില്‍ നിര്‍ണായകമാവുക.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ അട്ടിമറി വിജയത്തിന് വഴിയൊരുങ്ങും എന്നതാണ് ഇന്ത്യ ടിവി - സി വോട്ടര്‍ എക്‌സിറ്റ് പോളിലെ നിര്‍ണായകമായ പ്രവചനം. 117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭയില്‍ ആം ആദ്മിക്ക് 59 മുതല്‍ 67 സീറ്റുകള്‍ വരെ ലഭിച്ചേക്കും. കോണ്‍ഗ്രസിന് 41 മുതല്‍ 49 വരെ സീറ്റുകള്‍ ലഭിക്കും.
എന്നാല്‍ ഭരണത്തിലിരിക്കുന്ന അകാലി ദള്‍-ബിജെപി സഖ്യം നിലംപരിശാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് മുതല്‍ 13 വരെ സീറ്റുകളില്‍ അകാലി ദള്‍ ഒതുങ്ങിപ്പോകും എന്നാണ് എക്‌സിറ്റ് പോള്‍ ഫലം.
മണിപ്പൂരില്‍ ബിജെപി അധികാരം പിടിക്കും. 25 മുതല്‍ 31 സീറ്റുകള്‍ വരെ ലഭിക്കും. കോണ്‍ഗ്രസ്സിന് 17 മുതല്‍ 23 വരെ സീറ്റുകള്‍ ലഭിച്ചേക്കും. മറ്റുള്ളവര്‍ 9 മുതല്‍ 15 സീറ്റുകളില്‍ വിജയം കണ്ടേക്കും.












Click it and Unblock the Notifications