ലോക്ക്ഡൌൺ നീട്ടൽ ചതിച്ചു: ഇന്ത്യയിൽ ഒഴുക്കിക്കളയേണ്ടി വരുന്നത് എട്ട് ലക്ഷം ലിറ്റർ മദ്യം?
ദില്ലി: ഇന്ത്യയിൽ രണ്ടാം ഘട്ട ലോക്ക്ഡൌൺ മെയ് 17വരെ നീട്ടിയതോടെ എട്ട് ലക്ഷം ലിറ്റർ ബിയർ ഒഴുക്കിക്കളയേണ്ടിവരുമെന്ന് റിപ്പോർട്ട്. രാജ്യത്തെ 250 ബ്രൂവറികളിൽ ഉൽപ്പാദിപ്പിച്ച പാക്ക് ചെയ്യാത്ത ബിയറാണ് ലോക്ക്ഡൌൺ വീണ്ടും നീണ്ടതോടെ ഇത്തരത്തിൽ നശിപ്പിക്കേണ്ടിവരികയെന്നാണ് റിപ്പോർട്ട്. വ്യാവസായിക വിദഗ്ധരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്.
പ്രവാസികളില്‍ ആശങ്ക ഒഴിയുന്നില്ല; യുഎഇയില്‍ ഇന്ന് രോഗം ബാധിച്ചത് 564 പേര്‍ക്ക്, സൗദിയില്‍ 1552 പേര്

700 കോടിയുടെ മദ്യം
ബിയറിന് പുറമേ 1.2 മില്യൺ കേസ് ഇന്ത്യൻ നിർമിത വിദേശ മദ്യവും ദില്ലി ഒഴികെയുള്ള വടക്കൻ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്നുണ്ട്. 700 കോടിയുടെ മൂല്യം വരുന്ന മദ്യമാണ് ഇപ്പോൾ കെട്ടിക്കിടക്കുന്നത്. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ മദ്യ വ്യാപാരികൾക്ക് അതാത് സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സ്റ്റോക്കുകൾ വിറ്റഴിക്കാൻ സാധിക്കുകയുള്ളൂ. ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളതിനാൽ ഇത് സംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോകാൻ വ്യാപാരികൾക്കും കഴിഞ്ഞിരുന്നില്ല. ഇതാണ് 700 കോടി രൂപ വില വരുന്ന 12 ലക്ഷം കെയ്സ് ഇന്ത്യൻ നിർമിത വിദേശ മദ്യം കെട്ടിക്കിടക്കുന്നതിന് ഇടയാക്കിയിട്ടുള്ളത്.

ശീതീകരിക്കുന്നതിനുള്ള ചെലവ്
ബ്രൂവറികളിൽ ഉൽപ്പാദിപ്പിച്ചിട്ടുള്ള ബിയർ കുപ്പികളിൽ നിറയ്ക്കാതെ ഏറെക്കാലം കേടാവാതെ സൂക്ഷിക്കാനാവില്ല. ഇവ ശീതികരിച്ച് സൂക്ഷിക്കുന്നതിനുള്ള വൈദ്യുതി ചെലവ് കണക്കിലെടുത്ത് ബ്രൂവറികളിൽ മദ്യം അല്ലാതെ സൂക്ഷിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എട്ട് ലക്ഷം ലിറ്റർ വരുന്ന മദ്യം ഒഴുക്കിക്കളയേണ്ടതായി വരുമെന്നാണ് ഇന്ത്യൻ ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷൻ പ്രതിനിധി സാക്ഷ്യപ്പെടുത്തുന്നത്. അതേ സമയം സോഷ്യൽ ഡിസ്റ്റൻസിംഗ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് ബ്രൂവറികളിൽനിന്ന് ബിയർ വിതരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് അസോസിയേഷൻ പറയുന്നത്. മറ്റ് വിദേശരാജ്യങ്ങളിൽ ഈ രീതി പിന്തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഇക്കാര്യം മുന്നോട്ടുവെച്ചതെന്നും ഇവർ പറയുന്നു. ലോക്ക്ഡൌൺ ബിസിനസുകളെ ബാധിക്കാത്ത തരത്തിൽ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഈ ആവശ്യം മുന്നോട്ടുവെച്ചതെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

ലോക്ക്ഡൌൺ നീട്ടിയത് തിരിച്ചടി
ഇന്ത്യയിൽ രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിക്കുമ്പോൾ എല്ലാ പ്ലാന്റുകളിലുമായി എട്ട് ലക്ഷം ലിറ്റർ ബിയറാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. ലോക്ക് ഡൌൺ വീണ്ടും നീട്ടിയതോടെ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ എട്ട് ലക്ഷം ലിറ്റർ ബിയർ ഒഴുക്കിക്കളയേണ്ടിവരുമെന്നാണ് ഇന്ത്യൻ ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷൻ പ്രതിനിധി പറയുന്നത്. ലോക്ക്ഡൌണിന് നിരവധി ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും ബിയർ പാർലറുകളോ ബാറുകളോ ക്ലബ്ബുകളോ പ്രവർത്തിപ്പിക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നില്ല. എന്നാൽ ദില്ലി, ബെംഗളൂരു ഉൾപ്പെടെയുള്ള ചില നഗരങ്ങളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ബാറുകൾക്ക് മെയ് നാല് മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

മാതൃക ലോകരാജ്യങ്ങൾ
സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചുകൊണ്ട് മദ്യ വിൽപ്പനയ്ക്ക് അനുമതി നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നത് ഉചിതമാകുമന്നാണ് മഹാരാഷ്ട്ര ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നത്. ഫ്രഷ് ബിയർ വിൽപ്പനയ്ക്കായി ലോകത്ത് 35 രാജ്യങ്ങൾ ഇതേ സംവിധാനമാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ 250 ബ്രൂവറികളിലായി 50,000 പേരാണ് ജോലി ചെയ്യുന്നതെന്നും മദ്യ ഉൽപ്പാദനം നിർത്തിവെച്ചതോടെ ഇവർക്ക് തൊഴിലില്ലാതായെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മാർച്ച് 25ന് രാജ്യവ്യാപക ലോക്ക്ഡൌൺ ആരംഭിച്ചപ്പോൾ മുതൽ തന്നെ രാജ്യത്തെ ബിയർ പ്ലാന്റുകൾ അടച്ച് പൂട്ടിയിരുന്നു.

നിയന്ത്രണങ്ങൾ ബാധകം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദേശം അനുസരിച്ച് മദ്യവിൽപ്പന, പാൻ, പുകയില എന്നിവയുടെ വിൽപ്പന തിങ്കളാഴ്ച മുതൽ അനുവദിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. കുറഞ്ഞത് ആറടിയെങ്കിലും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നാണ് ചട്ടം. കടകളിൽ ഒരു സമയം അഞ്ചിൽ കൂടുതൽ പേർ ഉണ്ടാകരുതെന്നും ചട്ടമുണ്ട്. ഇത്തരം കടകൾ, മാർക്കറ്റ്, ഷോപ്പിംഗ് മാളുകൾ, നഗര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്നതാവരുതെന്നും നിർദേശമുണ്ട്. ഷോപ്പിംഗ് മാളുകളില്ലാതെ ഗ്രാമപ്രദേശത്തെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇവയ്ക്ക് അവശ്യവസ്തുുക്കളെന്നോ അല്ലാത്തവയെന്നോ ഉള്ള വേർതിരിവില്ല.