ബെംഗളൂർ രമേശ്വരം കഫേയിൽ സ്ഫോടനം; പൊട്ടിത്തെറിച്ചത് ബാഗിൽ വെച്ച വസ്തു?, 4 പേർക്ക് പരിക്ക്
ബെംഗളൂരു: വൈറ്റ്ഫീൽഡിലെ രമേശ്വരം കഫേയിൽ ഉണ്ടായ സ്ഫോടനത്തിൽ 9 പേർക്ക് പരിക്ക്. ജീവനക്കാർക്കും കഫേയിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കുമാണ് അപകടത്തിൽ പരിക്കേറ്റതെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ബാഗിൽ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
പോലീസും ഫയർഫോഴ്‌സും ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി വൈറ്റ്‌ഫീൽഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചു. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ ശൃഖലകളിൽ ഒന്നാണ് രാമേശ്വരം കഫേ. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഭക്ഷണ പ്രേമികൾക്കിടയിൽ കഫേ പ്രസിദ്ധമായത്. വെിജറ്റേറിയൻ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കഫെ തുറക്കുന്ന ആറ് മണി മുതൽ തന്നെ ഇവിടെ തിരക്ക് അനുഭവപ്പെടാറുണ്ട്. ഉച്ചയ്ക്ക് തിരക്കുള്ള സമയത്താണ് സ്ഫോടനം നടന്നത്.

അതേസമയം സംഭവത്തിൽ സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. സ്ഫോടനത്തെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കണമെന്ന് ബിജെപി എം പി തേജസ്വി സൂര്യ ആവശ്യപ്പെട്ടു. 'രാമേശ്വരം കഫേ സ്ഥാപകനുമായി സ്‌ഫോടനത്തെ കുറിച്ച് ഇപ്പോൾ സംസാരിച്ചു. ഒരു ഉപഭോക്താവ് ഉപേക്ഷിച്ച ബാഗിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്നും അല്ലാതെ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടമല്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇവരുടെ ജീവനക്കാരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബോംബ് സ്ഫോടനം തന്നെയാണെന്നാണ് വിലയിരുത്തുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയിൽ നിന്ന് വ്യക്തമായ ഉത്തരം ഇക്കാര്യത്തിൽ ഉണ്ടാകണം', തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു രാമേശ്വരം കഫേയിൽ ഉണ്ടായത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപേക്ഷിച്ച ബാഗ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കഫേയ്ക്കുള്ളിൽ ഒരാൾ ബാഗ് സൂക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്താൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ സ്ഫോടക വസ്തുവല്ല. കൗണ്ടറിൽ നിന്നും ടോക്കൺ വാങ്ങിയാണ് ബാഗുമായി വന്നയാൾ കഫേയിൽ ഇരുന്നത്. കൗണ്ടറിലുള്ള ജീവനക്കാരനെ ചോദ്യം ചെയ്ത് വരികയാണ്. അപകടത്തിൽപ്പെട്ടവരുടെ പരിക്ക് ഗുരുതരല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ബാഗിൽ സൂക്ഷിച്ചിരുന്നത് എന്താണെന്നത് സംബന്ധിച്ചുള്ള ഫോറൻസിക് പരിശോധന റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ഡിജിപി അറിയിച്ചു.












Click it and Unblock the Notifications