ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ പൊട്ടിത്തെറിച്ചു; 7 മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള നൗഗാം പൊലീസ് സ്റ്റേഷനു സമീപം വന്‍ പൊട്ടിത്തെറി. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 27 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് പൊലീസ് സ്‌റ്റേഷനില്‍ അപ്രതീക്ഷിതമായി സ്‌ഫോടനമുണ്ടായത്. ചെങ്കോട്ട സ്‌ഫോടനത്തിനോട് അനുബന്ധിച്ച് ഫരീദാബാദിലെ വൈറ്റ് കോളര്‍ ഭീകര മൊഡ്യൂളില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഈ സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) സംഘവും ചേര്‍ന്ന് സ്‌ഫോടകവസ്തുക്കളുടെ ശേഖരത്തില്‍ നിന്ന് സാമ്പിളുകള്‍ വേര്‍തിരിക്കുന്നതിനിടെ വന്‍ പൊട്ടത്തെറി ഉണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെ തീ ആളിക്കത്തി.

പൊലീസ് സ്റ്റേഷന്റെ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. സംഭവസ്ഥലത്തേക്ക് നിരവധി ഫയര്‍ എന്‍ജിനുകള്‍ പാഞ്ഞെത്തി. അപകടത്തിന്റെ വ്യാപ്തി വലുതായതിനാല്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എട്ടോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
പിടികൂടിയത് 2,900 കിലോ അമോണിയം നൈട്രേറ്റ്
ഹരിയാനയിലെ ഫരീദാബാദിലെ രണ്ട് വാടക മുറികളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ 2,900 കിലോഗ്രാമോളം അമോണിയം നൈട്രേറ്റും മറ്റ് ബോംബ് നിര്‍മ്മാണ വസ്തുക്കളും അടുത്തിടെ പിടിച്ചെടുത്തത്. ഇതില്‍ 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവരികയായിരുന്നു.
ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മില്‍ ഷാക്കീലാണ് വീട് വാടകയ്ക്കെടുത്തത്. അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷാക്കീലിനെ ചോദ്യം ചെയ്തതിലൂടെയാണ് ജമ്മു കാശ്മീര്‍ പൊലീസ് ഫരീദാബാദിലെ ജെയ്ഷെ മുഹമ്മദ് ഭീകര മൊഡ്യൂളിലേക്ക് എത്തുകയും സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തത്. അല്‍-ഫലാ മെഡിക്കല്‍ കോളജില്‍ അധ്യാപകനായിരുന്നു ഇദ്ദേഹം. ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായ സംഭവത്തിന്റെ ആസൂത്രണത്തിലും ഡോക്ടര്‍ മുസമ്മിലിന് ബന്ധമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കാശ്മീര്‍ താഴ്വരയില്‍ ചോദ്യം ചെയ്യുന്നതിനായി 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications