സിദ്ധരാമയ്യയ്ക്ക് മെറ്റ കൊടുത്ത വമ്പന്‍ 'പണി'; വ്യാപക പ്രതിഷേധം ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരി
ബെംഗളൂരു: സമൂഹ മാധ്യമങ്ങളിലെ പരിഭാഷകള്‍ പലപ്പോഴും ചിരി ഉണര്‍ത്തുന്ന അബദ്ധങ്ങളായി മാറാറുണ്ട്. ചില സമയങ്ങളില്‍ ഉപയോക്താവ് ഉദ്ദേശിക്കുന്ന ആശയത്തിന് നേരെ വിപരീതമായിട്ടായിരിക്കും പരിഭാഷ വരിക. ചിലത് തമാശയായി തള്ളിക്കളയാമെങ്കില്‍ ചിലത് വളരെ ഗൗരവമുള്ളതാണ്.
ഇപ്പോഴിതാ അത്തരമൊരു വമ്പന്‍ പണി കിട്ടിയത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്. മറ്റൊരു വ്യക്തിയുടെ മരണ വാര്‍ത്തയില്‍ അനുശോചനം അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കന്നട പരിഭാഷ വന്നത് സിദ്ധരാമയ്യയുടെ തന്നെ മരണ വാര്‍ത്ത ആയിട്ടാണ്. ഇതോടെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ കമ്പനി മാപ്പു പറഞ്ഞാണ് തലയൂരിയത്.

അന്തരിച്ച മുതിര്‍ന്ന കന്നഡ നടി ബി സരോജാ ദേവിക്ക് ഫേസ്ബുക്കില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സിദ്ധരാമയ്യയുടെ ഓഫീസ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. കന്നട ഭാഷയിലാണ് മുഖ്യമന്ത്രി ബി സരോജ ദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. എന്നാല്‍ ഈ പോസ്റ്റിന്റെ ഓട്ടോ ട്രാന്‍സ്‌ലേഷനില്‍ എഴുതി കാണിച്ചത് സിദ്ധരാമയ്യ 'പാസ്ഡ് എവേ' എന്നായിരുന്നു. ഈ തെറ്റായ വിവര്‍ത്തനം കര്‍ണാടകയില്‍ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
ഈ വലിയ തെറ്റിന് പിന്നാലെ മെറ്റയുടെ ഓട്ടോ ട്രാന്‍സ്‌ലേഷനെതിരേ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ രംഗത്തെത്തി. തെറ്റായ പരിഭാഷകളില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, ഇത്തരം പിശകുകള്‍ വസ്തുതകളെ വളച്ചൊടിക്കുകയും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നതാണെന്ന് കുറ്റപ്പെടുത്തി. ഔദ്യോഗിക ആശയവിനിമയങ്ങളില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കുന്നത് ഗൗരവമേറിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്നട ഭാഷാ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി ഇത്തരം പിശകുകള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും മുഖ്യമന്ത്രി മെറ്റയോട് ആവശ്യപ്പെട്ടു. ഈ ഓട്ടോ ട്രാന്‍സ്‌ലേഷന്‍ സംവിധാനത്തിന്റെ കൃത്യത മെച്ചപ്പെടുത്തുന്നത് വരെ ഈ ഫീച്ചര്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി മെറ്റയോട് ആവശ്യപ്പെട്ടു. ഇതിനായി ഉയര്‍ന്ന യോഗ്യതയുള്ള കന്നട ഭാഷാ വിദഗ്ധരുമായും പ്രൊഫഷണലുകളുമായും സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം വിവാദമായതോടെ മെറ്റയും പ്രതികരണവുമായി രംഗത്തെത്തി. തെറ്റ് ഉള്‍ക്കൊള്ളുന്നതായും പ്രശ്‌നം പരിഹരിച്ചതായും മെറ്റ കമ്പനി പ്രതികരിച്ചു. ഇത്തരമൊരു പിശക് സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മെറ്റ വക്താവിനെ ഉദ്ധരിച്ച് പിടിഎ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications