ഷാരൂഖാനും ഗൗരിയും ഖാനും മക്കയിൽ പോയോ, ഗൗരി മതം മാറിയോ..? വൈറൽ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൻ ആര്യന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ഫോട്ടോ മക്കയിലാണെന്നും ഷാരൂഖ് കുടുംബത്തിനൊപ്പം മക്കയിൽ എത്തിയെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. 33 വർഷത്തിന് ശേഷം ഗൗരി ഇസ്ലാം മതം സ്വീകരിച്ചെന്നും വാർത്തകൾ പരന്നിരുന്നു.
ഗൗരി ഹിജാബ് ധരിച്ചിരിക്കുന്നതായും എസ് ആർ കെയും ആര്യനും വെള്ള കുർത്ത ധരിച്ചിരിക്കുന്നതായും കാണാം. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന് പിന്നിലെ വസ്തുത പുറത്ത് വന്നിരിക്കുകയാണ്. എൻ ഡി ടി വി റിപ്പോർട്ട് പ്രകാരം ഈ എ ഐ വഴി സൃഷ്ടിച്ച ഫോട്ടോയാണ്. ഗൗരി ഇസ്ലാം മതം സ്വീകരിച്ചുവെന്ന വാർത്ത സത്യമല്ല.

ഷാരൂഖ് ഖാനും ഗൗരിയും 1991 ൽ ആണ് വിവാഹിതരായത്. മിശ്ര വിവാഹമായിരുന്നു. ഗൗരി ഹിന്ദുവായതിനാൽ ഗൗരിയുടെ കുടുംബം വളരെ കാലം വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. എന്നാൽ ഒടുവിൽ ഇരുവരും വിവാഹം കഴിച്ചു. നേരത്തെ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ താനും ഷാരൂഖും തങ്ങളുടെ മതം പിന്തുടരുമ്പോൾ തന്നെ പരസ്പരം എങ്ങനെ ബഹുമാനിക്കുന്നുവെന്ന് ഗൗരി പറഞ്ഞിരുന്നു. താൻ ഇസ്ലാമിലേക്ക് മാറില്ലെന്നും ഷാരൂഖിന്റെ മതത്തെ താൻ ബഹുമാനിക്കുന്നുവെന്നും ഗൗരി പറഞ്ഞിരുന്നു.
" ഒരു സന്തുലിതാവസ്ഥയുണ്ട്. ഞാൻ ഷാരൂഖിന്റെ മതത്തെ ബഹുമാനിക്കുന്നു, എന്നാൽ അതിനർത്ഥം ഞാൻ മതം മാറി മുസ്ലിം ആകുമെന്ന് അല്ല. ഞാൻ അതിൽ വിശ്വസിക്കുന്നില്ല. എല്ലാവരും ഓരോ വ്യക്തികളാണ്, അവരുടെ മതം പിന്തുടരുന്നു. തീർച്ചയായും പരസ്പര ബഹുമാനം ഉണ്ടായിരിക്കണം. ഷാരൂഖ് ഒരിക്കലും എന്റെ മതത്തെ അനാദരിക്കില്ല. ഞാൻ അദ്ദേഹത്തിന്റെ മതത്തേയും അനാദരിക്കില്ല, " അവർ പറഞ്ഞു.
ഷാരൂഖിനും ഗൗരിക്കും ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്. ഒരിക്കലും മതം മാറില്ലെന്നായിരുന്ന വിവാഹസമയത്ത് ഇരുവരും തമ്മിലുള്ള വ്യവസ്ഥ എന്ന് ഷാരൂഖ് പറഞ്ഞിരുന്നു. 2013 ൽ ഔട്ട് ലുക്കിന് നൽകിയ അഭിമുഖത്തിൽ നമ്മൾ ഇന്ത്യക്കാരാണെന്നാണ് ആദ്യം ചിന്തിക്കേണ്ടതെന്നും മനുഷ്യത്വമാണ് മതത്തേക്കാൾ വലുതെന്ന് മക്കൾക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും ഷാരൂഖ് പറഞ്ഞിരുന്നു.
ദീപാവലിയും ഈദും ഒരേ സന്തോഷത്തോടെയാണ് ആഘോഷിക്കുന്നതെന്നും ദീപാവലിക്ക് താൻ നേതൃത്വം നൽകുമ്പോൾ ഈദിന് ഷാരൂഖാണ് കാര്യം മുൻകൈയെടുത്ത് ചെയ്യാറുള്ളതെന്നും ഗൗരി പറഞ്ഞിരുന്നു.












Click it and Unblock the Notifications