പശുവാദികളുടെ അക്രമം അന്വേഷിച്ച സംഘത്തിന് 'ദാരുണാന്ത്യം'; എല്ലാം നിര്‍ത്തി, ഡാറ്റ നശിപ്പിച്ചു
ദില്ലി: പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച വിവരശേഖരണം നടത്തിയിരുന്ന മാധ്യമസംഘം സമ്മര്‍ദ്ദം മൂലം പ്രവര്‍ത്തനം നിര്‍ത്തി. ഇന്ത്യയിലെ വിദ്വേഷ അക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തിരുന്ന വെബ്‌സൈറ്റായ ഫാക്ട്‌ചെക്കറിന്റെ ഡാറ്റാ ബേസ് ആണ് മായ്ച്ചുകളഞ്ഞത്. പി ഡോട്ട് ഫാക്ട്‌ചെക്കര്‍ ഡോട്ട് ഇന്‍, ലിഞ്ച് ഡോട്ട് ഫാക്ട്‌ചെക്കര്‍ ഡോട്ട് ഇന്‍ എന്നീ യുആര്‍എല്ലിലുണ്ടായിരുന്ന ഡാറ്റകള്‍ ബുധനാഴ്ച മുതല്‍ ലഭ്യമല്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന വ്യാജ ആരോപണത്തില്‍ നടന്ന അക്രമങ്ങള്‍ സംബന്ധിച്ചും ഇവര്‍ വിവരം ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇപ്പോള്‍ ലഭ്യമല്ല.

2014ലാണ് ഇവര്‍ ഇന്ത്യയില്‍ നടക്കുന്ന പശുവിന്റെ പേരിലെ കൊലപാതകങ്ങള്‍ സംസ്ഥാനവും മതവും തിരിച്ച് ശേഖരിക്കാന്‍ ആരംഭിച്ചത്. 2009 മുതലുള്ള വിവരങ്ങളാണ് ശേഖരിച്ചിരുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സമര്‍ ഹലന്‍കര്‍ ഇന്ത്യാ സ്‌പെന്‍ഡിന്റെ എഡിറ്റര്‍ പദവിയില്‍ നിന്ന് ബുധനാഴ്ച രാജിവച്ചു. ഫാക്ട്‌ചെക്കര്‍ വെബ്‌സൈറ്റിന്റെ സഹോദര സ്ഥാപനമാണ് ഇന്ത്യാസ്‌പെന്‍ഡ്. ഫാക്ട്‌ചെക്കര്‍ ശേഖരിച്ച വിവരങ്ങള്‍ പുതിയ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുമെന്നും എപ്പോഴാണ് വരിക എന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നേരത്തെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാനേജിങ് എഡിറ്ററായിരുന്നു സമര്‍. വിദ്വേഷ അക്രമങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഫാക്ട്‌ചെക്കറിന്റെ സംഘത്തിലുണ്ടായിരുന്നവര്‍ ഇടയ്ക്കിടെയായി ജോലിയില്‍ നിന്ന് രാജിവച്ചുവെന്നാണ് വിവരം. ചിലര്‍ വിദേശത്തേക്ക് പോയി. ശേഖരിച്ച വിവരങ്ങള്‍ നശിപ്പിച്ചുവെന്ന് ന്യൂസ് ലോന്‍ഡ്രി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫാക്ട്‌ചെക്കറിന് ഫണ്ട് നല്‍കിയിരുന്നവരുടെ സമ്മര്‍ദ്ദം മൂലമാണ് ശേഖരിച്ച വിവരങ്ങള്‍ നശിപ്പിച്ചതും പ്രവര്‍ത്തനം നിര്‍ത്തിയതുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ 300 ലധികം വിദ്വേഷ അക്രമങ്ങള്‍ നടത്തുവെന്നാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 31 വരെ വെബ്‌സൈറ്റ് ശേഖരിച്ച വിവരങ്ങളില്‍ പറയുന്നത്. ഇതില്‍ 96 അക്രമങ്ങള്‍ പശുവിന്റെ പേരിലായിരുന്നു. 308 പേരാണ് ഇത്രയും സംഭവങ്ങളില്‍ ആക്രമിക്കപ്പെട്ടത്. 37 പേര്‍ മരിച്ചു. വന്‍ അക്രമങ്ങള്‍ 164 എണ്ണമുണ്ടായി. മുസ്ലിംകള്‍ക്കെതിരെയാണ് കൂടുതല്‍ അക്രമങ്ങളുണ്ടായത്. 55 ശതമാനം. ദളിതുകള്‍ക്കെതിരെ 11 ശതമാനവും ആക്രമണമുണ്ടായി. ആക്രമിക്കപ്പെട്ടവരില്‍ 85 ശതമാനം പുരുഷന്‍മാരാണെന്ന് ഫാക്ട്‌ചെക്കര്‍ ശേഖരിച്ച വിവരങ്ങളില്‍ പറയുന്നു. 54 ശതമാനം ആക്രമണങ്ങളും നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 10 ശതമാനവുമുണ്ടായി. കൂടാതെ എസ്പി, എഎപി, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും വിദ്വേഷ ആക്രമങ്ങള്‍ നടന്നു.












Click it and Unblock the Notifications