വിശ്വാസവോട്ട് നേടി, സ്പീക്കറും ബിജെപിക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വിശ്വാസവോട്ട് നേടി ശക്തി തെളിയിച്ചു. ശബ്ദവോട്ടോടെയാണ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. സര്‍ക്കാരിനെ രക്ഷിക്കുക മാത്രമല്ല സ്പീക്കര്‍ സ്ഥാനത്തേക്ക് തങ്ങളുടെ പ്രതിനിധിയെ എത്തിക്കാനും മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് സാധിച്ചു. തങ്ങളുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസും ശിവസേനയും പിന്‍വലിച്ചതോടെയാണ് 69 കാരനായ ഹരിഭാവു ബാഗ്‍ഡെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.

സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ ശിവസേനയ്ക്കാണ് പ്രതിപക്ഷ നേതാവ് സ്ഥാനം. 63 സീറ്റുകളുളള സേനയുടെ നേതാവ് ഏകനാഥ് ഷിന്‍ഡെ പ്രതിപക്ഷ നേതാവാകും. വിശ്വാസവോട്ടെടുപ്പില്‍, നേരത്തെ പറഞ്ഞത് പോലെ ശിവസേന ബി ജെ പിയെ എതിര്‍ത്താണ് വോട്ട് ചെയ്തത്. ബി ജെ പി പ്രസിഡണ്ട് അമിത് ഷാ ഉദ്ധവ് താക്കറെയുമായി സംസാരിച്ചെങ്കിലും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഫലം കണ്ടില്ല.
ഏറെക്കാലം സഖ്യകക്ഷിയായിരുന്ന ശിവസേ അവസാന നിമിഷം പ്രതിപക്ഷത്തേക്ക് മാറിയെങ്കിലും എന്‍ സി പിയുടെ പിന്തുണയാണ് ബി ജെ പിയെ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ സഹായിച്ചത്. 288 അംഗ അസംബ്ലിയില്‍ 121 എം എല്‍ എമാരാണ് ബി ജെ പി ക്ക് ഉള്ളത്. സ്വതന്ത്രരും മറ്റുള്ളവരും അടക്കം 7 പേര്‍ കൂടി ബി ജെ പിയെ പിന്തുണക്കുന്നുണ്ട്.

വിശ്വാസവോട്ടിലും സ്പീക്കര്‍ തിരഞ്ഞെടുപ്പിലും സര്‍ക്കാരിനെ പിന്തുണക്കുമെന്ന് എന്‍ സി പി വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസിന്റെയും ശിവസേനയുടെയും കൊമ്പൊടിഞ്ഞത്. പ്രതിപക്ഷ നേതാവ് സ്ഥാനവും സ്പീക്കര്‍ പദവിയും വേണമെന്നായിരുന്നു സേനയുടെ ആഗ്രഹം. സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും അവസാന നിമിഷം പിന്‍വലിച്ചു.













Click it and Unblock the Notifications