ഒന്നര മാസത്തിനുശേഷം ജിതേന്ദര്‍ തൊമാറിന് ജാമ്യം
ദില്ലി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അറസ്റ്റിലായ ആം ആദ്മി നേതാവ് ജിതേന്ദര്‍ തൊമാറിന് ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജഡ്ജ് വിമല്‍ കുമാര്‍ യാദവാണ് തൊമറിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ദില്ലി വിട്ടു പോകാന്‍ പ്രത്യേക അനുവാദം വാങ്ങണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും തൊമാറിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂണ്‍ 9ന് അറസ്റ്റിലായ തൊമാറിന് നേരത്തെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. വ്യാജമായ ബിഎസ്സി, എല്‍എല്‍ബി ബിരുദം കരസ്ഥമാക്കിയെന്ന ദില്ലി ബാര്‍ കൗണ്‍സിലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 8ന് തൊമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ജൂണ്‍ 9ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അറസ്റ്റിലാകുമ്പോള്‍ ദില്ലി നിയമമന്ത്രിയായിരുന്ന തൊമാര്‍ ഉടന്‍ രാജിവെക്കുകയും ചെയ്തു. ഒന്നരമാസത്തെ ജയില്‍ വാസത്തിനിടെ തൊമാറിനെ വിവിധ കോളേജുകളിലും സര്‍വകലാശാലകളിലും അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിച്ചിരുന്നു. അന്വേഷണത്തില്‍ തൊമാറിന്റെ നിയമ ബിരുദം വ്യാജമല്ലെന്ന് കണ്ടെത്തിയെങ്കിലും ബിഎസ്സി ബിരുദം വ്യാജമാണെന്ന് തെളിഞ്ഞു.
കേസില്‍ തൊമാര്‍ ശിക്ഷക്കപ്പെടുകയാണെങ്കില്‍ എല്‍എല്‍എ സ്ഥാനം രാജിവെക്കേണ്ടിവരും. തൊമാറിന്റെ അറസ്റ്റ് ആം ആദ്മി പാര്‍ട്ടിക്ക് കടുത്തു അപമാനമാണ് ഉണ്ടാക്കിയിരുന്നത്. പല നേതാക്കളും ഇത്തരത്തില്‍ വ്യാജ ബിരുദം നേടിയവരാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications