തീപിടുത്തം സംശയിച്ച് ട്രാക്കിലേക്ക് എടുത്ത് ചാടി; മറ്റൊരു ട്രെയിൻ തട്ടി 12 പേർക്ക് ദാരുണാന്ത്യം
ഡൽഹി: ട്രെയിനിൽ തീയെന്ന വ്യാജപ്രചരത്തെ തുടർന്ന് രക്ഷപ്പെടാൻ ട്രെയിനിൽ നിന്നും എടുത്ത ചാടിയ യാത്രക്കാർ മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. മഹാരാഷ്ട്രയിലെ ജാൽഗോൺ ജില്ലയിലാണ് സംഭവം. പുഷ്പക് എക്സ്പ്രസിൽ നിന്നും പുറത്തേക്ക് ചാടിയ 12 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. എതിരെ വന്ന കർണാടക എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് യാത്രക്കാർ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.
പച്ചോര സ്റ്റേഷന് സമീപത്ത് ട്രെയിൻ എത്തിയപ്പോഴാണ് സംഭവം. ട്രെയിനിൽ നിന്നും ചെറിയൊരു തീപ്പൊരി ഉയർന്നെന്നും ഇത് തീപിടുത്തമാണെന്നും വ്യാജ പ്രചരണം ഉണ്ടായത്രേ.ഇതോടെ ചിലർ ചങ്ങല വലിച്ചു.ട്രെയിൻ നിർത്തിയതോടെ ട്രാക്കിലേക്ക് എടുത്ത് ചാടിയവരെയാണ് എതിരെ വന്ന കർണാടക എക്സ്പ്രസ് തട്ടിയത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.

രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി അപലപിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഗിരീഷ് മഹാജനും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും റെയിൽവേ ഭരണകൂടവും സംയുക്തമായി പ്രവർത്തിക്കുകയാണ്. പരുക്കേറ്റവരുടെ ചികിത്സയ്ക്കായി അടിയന്തര ക്രമീകരണങ്ങള്‍ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications