ഭഗത്സിംഗിന്റെ കുറിപ്പുകള്‍ പ്രകാശനംചെയ്യാന്‍ മോഡി?
ചണ്ഡിഗഡ്: സ്വാതന്ത്രസമര സേനാനി ഭഗത് സിംഗിന്റെ ജയില്‍ക്കുറിപ്പുകള്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രകാശനം ചെയ്യുന്നതിനെതിരെ പ്രതിഷേധം. ഭഗത് സിംഗിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തെക്കുറഇച്ച് എഴുതിയിട്ടുള്ള പണ്ഡിതരുമാണ് പുസ്തകം പ്രകാശനം ചെയ്യാന്‍ മോഡി എത്തുന്നതിനെ എതിര്‍ക്കുന്നത്.
ബ്രിട്ടീഷുകാരോട് പൊരുതി ജീവത്യാഗം ചെയ്ത ധീര രക്തസാക്ഷിയാണ് വീര ഭഗത് സിംഗ്. നരേന്ദ്രമോഡിയാകട്ടെ സ്വയം വിശേഷിപ്പിക്കുന്നത് പോലും ഹിന്ദു ദേശീയവാദി എന്നാണ്. അങ്ങനെയൊരാള്‍ ഭഗത് സിംഗിന്റെ ജയിലിലെ കുറിപ്പുകള്‍ പ്രകാശനം ചെയ്യുന്നത് എങ്ങിനെ ശരിയാകും? വിമര്‍ശകര്‍ ചോദിക്കുന്നു.

ഭഗത് സിംഗിന്റെ ചെറുമകനായ യദ്വിന്ദര്‍ സിംഗ് സന്ധുവാണ് ഭഗത് സിംഗ് ജയിലില്‍വെച്ച് എഴുതിയ കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നതിനായി ശ്രമിക്കുന്നത്. പുസ്തകം പ്രകാശനം ചെയ്യുന്നതിനായി നരേന്ദ്ര മോഡിക്ക് ക്ഷണക്കത്തും അദ്ദേഹം അയച്ചുകഴിഞ്ഞു.
ഭഗത് സിംഗിന്റെ മറ്റ് കുടുംബാംഗങ്ങളും പണ്ഡിതരുമാണ് ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നരേന്ദ്ര മോഡിയെ ഒരു കാരണവശാലും പുസ്തകം പ്രകാശനം ചെയ്യാന്‍ അനുവദിക്കരുതെന്ന് ലുധിയാനയില്‍ താമസിക്കുന്ന, ഭഗത് സിംഗിന്റെ അനന്തിരവന്‍ പ്രൊഫസര്‍ ജഗ്മോഹന്‍ സിംഗ് പറഞ്ഞു.
ഇത്തരമൊരു കൃത്യം നിര്‍വഹിക്കാന്‍ മോഡിക്ക് യോഗ്യതയില്ല എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ബ്രിട്ടീഷുകാരില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കണം എന്ന് മാത്രമായിരുന്നു ഭഗത് സിംഗിന്റെ സ്വപ്നം. ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ജീവിച്ചതും, മരിച്ചതും.












Click it and Unblock the Notifications