ക്ഷേത്രപരിസരത്തെ കടയില്‍ നിന്ന് പ്രസാദം വാങ്ങിയില്ല; ഭക്തരെ മര്‍ദ്ദിച്ച് കടയുടമകള്‍
ലഖ്‌നൗ: ക്ഷേത്ര ദര്‍ശനത്തിന് ശേഷം പ്രസാദവും മറ്റും വാങ്ങാത്ത ഭക്തരെ ക്രൂരമായി മര്‍ദ്ദിച്ച കടയുടമകള്‍. ലഖ്നൗവിലെ ചന്ദ്രിക ദേവി ക്ഷേത്രത്തില്‍ ആണ് സംഭവം. പ്രസാദവും മറ്റ് മതപരമായ വസ്തുക്കളും വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ പ്രാദേശിക കടയുടമകള്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കടയുടമകള്‍ കുടുംബത്തെ ബെല്‍റ്റുകള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ബി കെ ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ക്ഷേത്ര പരിസരത്ത് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ലഖ്നൗവിലെ അലിഗഞ്ചില്‍ താമസിക്കുന്ന പിയൂഷ് ശര്‍മ്മ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥന നടത്താന്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. കുടുംബം ക്ഷേത്ര പരിസരത്ത് പ്രവേശിച്ചപ്പോള്‍ തന്നെ പ്രസാദം, പുഷ്പമാലകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന നിരവധി കടയുടമകള്‍ അവരെ സമീപിച്ചു.

തങ്ങളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാണം എന്ന് പറഞ്ഞ് കുടുംബത്തെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. എന്നാല്‍ ഒന്നും വാങ്ങുന്നില്ല എന്ന് കുടുംബം അറിയിച്ചതോടെ കടയുടമകള്‍ ദേഷ്യപ്പെടുകയും അവര്‍ക്കെതിരെ കൂട്ടമായി ആക്രമണം നടത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ പെട്ടെന്ന് അക്രമത്തിലേക്ക് നീങ്ങി. സ്ത്രീകള്‍ അടക്കമുള്ളവരെയാണ് കടയുടമകള്‍ ക്രൂരമായി ആക്രമിച്ചത്.
സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്തു. ക്ഷേത്രപരിസരത്ത് നടന്ന മുഴുവന്‍ സംഭവവും സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ഒരു കൂട്ടം യുവാക്കള്‍ കുടുംബത്തെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിന് പിന്നാലെ ബി കെ ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
പിയൂഷിന്റെ കുടുംബം പിന്നീട് പൊലീസ് സ്റ്റേഷനില്‍ പോയി കുറ്റക്കാരായ കടയുടമകള്‍ക്കെതിരെ ഔദ്യോഗികമായി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബി കെ ടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ) പറഞ്ഞു. അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട് എന്നും സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ തെളിവുകളും അന്വേഷിച്ച ശേഷം നിയമ നടപടി സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ മതപരമായ സ്ഥലങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള ചോദ്യവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ഒരു ക്ഷേത്രത്തിനുള്ളില്‍ ഇത്തരം സംഭവങ്ങള്‍ എങ്ങനെയാണ് സംഭവിക്കുക എന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications