15 വര്‍ഷമായി പാമ്പ്പിടിത്തം; മൂര്‍ഖനെ പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പുപിടിത്തക്കാരന്‍ കടിയേറ്റ് മരിച്ചു
കോയമ്പത്തൂര്‍: മൂര്‍ഖനെ പിടികൂടാനുള്ള ശ്രമത്തിനിടെ തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടിത്തക്കാരന്‍ സന്തോഷ് കുമാര്‍ (39) കടിയേറ്റ് മരിച്ചു. കോയമ്പത്തൂരിലുള്ള വടവള്ളിയിലെ ഒരു വീട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേറ്റ സന്തോഷിനെ ഉടന്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കോയമ്പത്തൂര്‍ സ്വദേശിയാണ് സന്തോഷ്. പതിനഞ്ചാം വയസ് മുതലാണ് സന്തോഷ് പാമ്പിനെ പിടിക്കാന്‍ തുടങ്ങുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക പാമ്പു പിടിത്തക്കാരുടെ പട്ടികയില്‍ സന്തോഷ് കുമാറും ഉള്‍പ്പെട്ടിരുന്നു.

ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്ന പാമ്പുകളെ പിടികൂടാന്‍ നിരവധി പേരാണ് സന്തോഷ് കുമാറിനെ ആശ്രയിച്ചിരുന്നത്. പാമ്പുകളെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് തുറന്നുവിടുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി. 15 വര്‍ഷത്തിനിടെ, കോയമ്പത്തൂര്‍ ജില്ലയിലുടനീളം രാജവെമ്പാല, പെരുമ്പാമ്പ്, മൂര്‍ഖന്‍ തുടങ്ങി ആയിരക്കണക്കിന് വിഷപ്പാമ്പുകളെ പിടികൂടിയ അനുഭവ പരിചയം ഇദ്ദേഹത്തിനുണ്ട്. പാമ്പുകളുടെ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സന്തോഷ് നടത്തിയിട്ടുണ്ട്.
പാമ്പ് കടിയേറ്റ് അബോധാവസ്ഥയിലായിരുന്ന സന്തോഷ് കുമാറിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.












Click it and Unblock the Notifications