പാട്ടു ഡാന്‍സുമായി ന്യൂജന്‍ ആരാധന; 50k ഫോളോവേഴ്‌സ്; യുവ പാസ്റ്റര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
മൂന്നാര്‍: സമൂഹ മാധ്യമങ്ങളിലെ ന്യൂജന്‍ ആരാധനാ രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ പെട്ടെന്ന് ശ്രദ്ധേയനായ യുവ പാസ്റ്റര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. മൂന്നാറില്‍ ഒളിവില്‍ കഴിയവേയാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോയമ്പത്തൂര്‍ കിങ്‌സ് ജനറേഷന്‍ ചര്‍ച്ച് പാസ്റ്ററായ ജോണ്‍ ജെബരാജ് (37) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്്. കേസെടുത്തതിന് പിന്നാലെ പാസ്റ്റര്‍ ഒളിവില്‍ പോയിരുന്നു.
പ്രതിയെ പൊലീസ് കോയമ്പത്തൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2024 മെയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോയമ്പത്തൂരിലെ പാസ്റ്ററിന്റെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

അതിക്രമം നടന്ന് 11 മാസങ്ങള്‍ക്കു ശേഷമാണ് പരാതിയുമായി 17, 14 വയസ് പെണ്‍കുട്ടികളുടെ ബന്ധുക്കളെത്തിയത്. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അറസ്റ്റ്. ജോണ്‍ ജെബരാജ് വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാന്‍ പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ജോണ്‍ ജെബരാജ് ചെന്നൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. താനും ഭാര്യയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും പ്രേരണയില്‍ പെണ്‍കുട്ടികള്‍ വ്യാജ പരാതികള്‍ നല്‍കിയതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ അടുത്ത കാലത്തായി ഇയാള്‍ അതിവേഗം വളര്‍ന്നുവരികയായിരുന്നു. റാപ്പ് ഗാനങ്ങളിലൂടെയാണ് പ്രതി ക്രിസ്തുമതം പ്രസംഗിച്ചിരുന്നത്. പാട്ടും നൃത്തവുമൊക്കെയായി വലിയ ആഘോഷമായിട്ടാണ് ആരാധന നടത്തിയിരുന്നത്. അതിനാല്‍ തന്നെ നിരവധി കുട്ടികളും ചെറുപ്പക്കാരും ഇയാളുടെ ആരാധനയില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ ജോണ്‍ ജെബരാജ് നടത്തിവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പാസ്റ്ററുടെ ആരാധനാ രീതികള്‍ക്ക് നിരവധി ഫോളോവേഴ്‌സുണ്ടായിരുന്നു. കിങ്‌സ് ജനറേഷന്‍ ചര്‍ച്ച് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് അടക്കമുള്ള ജെബരാജ് ആരാധന ശുശ്രൂഷകളുടെ വീഡിയോകളും പങ്കിടാറുണ്ട്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കം നിരവധി ഫോളോവേഴ്‌സാണ് ജെബരാജിനുള്ളത്. യൂട്യൂബില്‍ മാത്രം 50000 ത്തിലേറെ ഫോളോവേഴ്‌സുണ്ട്.












Click it and Unblock the Notifications