നിതീഷ് കുമാറിനോടുള്ള ആരാധന മൂത്ത് എല്ലാ സ്വത്തുക്കളും വില്‍ക്കാനൊരുങ്ങുന്നു!
പാട്‌ന: ചലച്ചിത്ര താരങ്ങളോടുള്ള ആരാധകരുടെ സ്‌നേഹം ഒരുപാട് കണ്ടിട്ടുണ്ട്. അതുപോലെ തന്നെ ചിലര്‍ക്ക് രാഷ്ട്രീയ നേതാക്കളോടും പ്രത്യേക ആരാധനയുണ്ട്. അതിലും ഭീകരമായ അവസ്ഥകളും ഇല്ലാതില്ല. ആരാധന മൂത്ത് വിരല്‍ പോലും മുറിച്ചു കളഞ്ഞ വാര്‍ത്ത കേട്ടിട്ടുണ്ടാകും. ബിഹാറില്‍ അങ്ങനെയൊരു വ്യക്തിയുമുണ്ട്. ജെഡിയു നേതാവായ നിതീഷ് കുമാറിന്റെ വലിയ ആരാധകനാണ് അനില്‍ ശര്‍മ്മ.
നിതീഷ് കുമാറിനോടുള്ള ആരാധന വിരല്‍ മുറിച്ച് കാണിച്ചു തന്ന വ്യക്തിയാണ് അനില്‍ ശര്‍മ്മ. എന്നാല്‍, ഇത്തവണ ഇതിലും വലിയ കാര്യമാണ് ഇയാള്‍ ചെയ്യുന്നത്. സമൂഹ നന്മയ്ക്കായി തന്റെ എല്ലാ സ്വത്തുക്കളും വില്‍ക്കാന്‍ തയ്യാറാണെന്ന് അനില്‍ ശര്‍മ്മ പ്രഖ്യാപിച്ചു.

ജെഹനാബാദ് എന്ന ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത്. ഗ്രാമത്തിന്റെ വികസനത്തിനുവേണ്ടി തന്റെ എല്ലാ സ്വത്തുക്കളും നല്‍കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനായി ഒരു ബാങ്ക് അനുവദിക്കണമെന്നും അനില്‍ ശര്‍മ്മ ആവശ്യപ്പെട്ടു. ഇക്കാര്യം നിതീഷ് കുമാറിനെ അറിയിച്ചതായും ഉടന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും അനില്‍ ശര്‍മ്മ വ്യക്തമാക്കുന്നു.
തന്റെ എല്ലാ സ്വത്തുക്കളും വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാമെന്നാണ് ഇയാള്‍ പറയുന്നത്. നിതീഷ് കുമാറിന്റെ വിജയത്തില്‍ അങ്ങേയറ്റം സന്തോഷിച്ചയാളാണ് അനില്‍ ശര്‍മ്മ. 2005ല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അനില്‍ ശര്‍മ്മ സന്തോഷം പ്രകടിപ്പിച്ചത് സ്വന്തം വിരലുകള്‍ മുറിച്ചു മാറ്റിയാണ്. ഓരോ വിജയത്തിലും ഇയാള്‍ ഇങ്ങനെ വിരല്‍ മുറിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്. ഇതിനോടകം മൂന്ന് വിരലുകള്‍ ഇയാള്‍ മുറിച്ചു മാറ്റി കഴിഞ്ഞു.












Click it and Unblock the Notifications