സ്വര്‍ണം പണയംവച്ചു, കിട്ടിയത് ഫോട്ടോസ്റ്റാറ്റ് 2000 രൂപ , എന്തുചെയ്യണമെന്നറിയാതെ കര്‍ഷകന്‍
സ്വര്‍ണം പണയംവച്ച കര്‍ഷകന് ലഭിച്ചത് 2000 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ്.
മംഗലൂരു : സ്വര്‍ണം പണയംവച്ച കര്‍ഷകന് ലഭിച്ചത് 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ്. ബന്ത്വാളിനടുത്താണ് സംഭവം. പുനാച്ച സ്വദേശി കര്‍ഷകന്‍ കൃഷ്ണപ്പയ്ക്കാണ് സ്വര്‍ണം പണയം വച്ചപ്പോള്‍ 2000 രൂപ ഫോട്ടോസ്റ്റാറ്റ് ലഭിച്ചത്. സംഭവവുമായിബന്ധപ്പെട്ട് വിത്തല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ഇയാള്‍ മകളുടെ സ്വര്‍ണം പണയംവച്ച് 2000 രൂപ എടുത്തത്. പുതിയ കറന്‍സിയായിരുന്നു ഇയാള്‍ക്ക് ലഭിച്ചത്. ഈ പണം അടുത്തുള്ള വൈന്‍ ഷോപ്പില്‍ നല്‍കി ഇയാള്‍ മദ്യവും വാങ്ങി.

വീട്ടിലേക്ക് പോകുമ്പോള്‍ മദ്യക്കടക്കാരന്‍ പിന്നാലെയെത്തി കൃഷ്ണപ്പ നല്‍കിയത് ഫോട്ടോസ്റ്റാറ്റ് 2000 രൂപയാണെന്ന് അറിക്കുകയായിരുന്നു. പണം തിരിച്ചേല്‍പ്പിച്ച് മദ്യവും വാങ്ങി കടക്കാരന്‍ പോയി.
ഇക്കാര്യം അറിയിച്ച് പണം നല്‍കിയ സ്ഥാപനത്തെ സമീപിച്ചെങ്കിലും നല്‍കിയത് ഒറിജിനല്‍ നോട്ടാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സ്ഥാപനത്തിലെ ജീവനക്കാര്‍. തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്.
നോട്ട് നിരോധനത്തിനു പിന്നാലെയാണ് പുതിയ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. 2000 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് പ്രചരിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു.
നോട്ട് പുറത്തു വന്നതിനു പിന്നാലെ ചിക്കബെല്ലാപൂരിലെ കച്ചവടക്കാരനും ഫോട്ടോസ്റ്റാറ്റ് 2000 രൂപ ലഭിച്ചിരുന്നു. ഇക്കാര്യം പോലീസ് അന്വേഷിക്കുണ്ടെങ്കിലും ആരെയും പിടികൂടാനായില്ല.
കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും വ്യാപനം തടയുന്നതിനു വേണ്ടിയായിരുന്നു പഴയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. എന്നാല്‍ പുതിയ 2000 രൂപയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് പ്രചരിക്കുന്നത് നടപടിക്ക് തിരിച്ചടിയാകും. കനത്ത സുരക്ഷാ സംവിധാനങ്ങളോട് കൂടിയതാണ് പുതിയ നോട്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഇത്തരത്തില്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പ്രചരിക്കുന്നതും.












Click it and Unblock the Notifications