'ജൂൺ 9ന് മുൻപ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിരിക്കണം, ഇല്ലെങ്കിൽ...' കേന്ദ്രത്തിന് മുന്നറിയിപ്പുമായി കർഷകർ
ന്യൂ ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക നേതാക്കള്‍. ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരിക്കുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് കര്‍ഷക സംഘടനാ നേതൃത്വം കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി.
സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുത്തേ മതിയാകൂ എന്നാണ് ഞങ്ങള്‍ കരുതുന്നത്. ദേശീയ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിലും കര്‍ഷകരും ജൂണ്‍ 9ന് ദില്ലിയിലെ ജന്തര്‍ മന്ദിറില്‍ ഗുസ്തി താരങ്ങളുടെ സമരത്തിനൊപ്പം ചേരും. മാത്രമല്ല രാജ്യവ്യാപകമായി പഞ്ചായത്തുകളും സംഘടിപ്പിക്കും, കര്‍ഷക സമര നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

പ്രതിഷേധിച്ചതിന്റെ പേരില്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുകയും ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് നടക്കുകയും വേണം, ടികായത്ത് ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ മുതല്‍ ഗുസ്തി താരങ്ങള്‍ സമരമുഖത്തുണ്ട്. പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചതോടെയാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ് എതിരെ കേസെടുക്കാനെങ്കിലും ദില്ലി പോലീസ് തയ്യാറായത്.
എന്നാല്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാന്‍ ദില്ലി പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗാ നദിയില്‍ എറിഞ്ഞ് പ്രതിഷേധം കടുപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍ ആലോചിച്ചിരുന്നു. ഇതോടെയാണ് കര്‍ഷക സംഘടനാ നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തുകയും തീരുമാനത്തില്‍ നിന്ന് പിന്മാറ്റുകയും ചെയ്തത്. രാജ്യത്തിന്റെ പെണ്‍മക്കളാണ് ഇവരെന്ന് കര്‍ഷക നേതാക്കള്‍ പറയുന്നു.
നിലവില്‍ കര്‍ഷകര്‍ ബ്രിജ് ഭൂഷണിനെതിരായ സമരത്തിന്റെ മുന്‍നിരയിലേക്ക് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകള്‍ ഉത്തര്‍ പ്രദേശില്‍ ഖാപ്പ് പഞ്ചായത്ത് ചേര്‍ന്നിരുന്നു. മാത്രമല്ല ഹരിയാനയില്‍ പഞ്ചാബിലും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രതിഷേധ പരിപാടികള്‍ നടന്നു. പദവി ദുരുപയോഗം ചെയ്ത് ബ്രിജ് ഭൂഷണ്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടക്കമുളളവരെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് ഗുസ്തി താരങ്ങള്‍ ആരോപിക്കുന്നത്.
7 പരാതികള്‍ ബ്രിജ് ഭൂഷണിനെതിരെയുണ്ട്. രണ്ട് എഫ്‌ഐആറുകളാണ് ഇയാള്‍ക്കെതിരെയുളളത്. പീഡനശ്രമം, ഗൂഢാലോചന മുതല്‍ പോക്‌സോ വകുപ്പുകളും ബ്രിജ് ഭൂഷണിന് എതിരെ ചുമത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ നിഷേധിക്കുന്ന ബ്രിജ് ഭൂഷണ്‍ തന്നെ വേട്ടയാടുകയാണ് എന്നാണ് ആരോപിക്കുന്നത്.












Click it and Unblock the Notifications