'ഡല്‍ഹി ചലോ' താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി കര്‍ഷകര്‍, അതിര്‍ത്തിയില്‍ തുടരും
ന്യൂഡല്‍ഹി: ഞായറാഴ്ച നടക്കാനിരിക്കുന്ന കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നതായി കര്‍ഷക സംഘടനകള്‍. അതേസമയം ശംഭു അതിര്‍ത്തിയില്‍ തുടരും എന്ന് കര്‍ഷകര്‍ വ്യക്തമാക്കി. വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായി എന്നിവര്‍ക്കൊപ്പം വ്യാഴാഴ്ച വൈകി കര്‍ഷക പ്രതിനിധികളെ കണ്ട കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട പോസിറ്റീവായ ഫലം പ്രതീക്ഷിക്കാമെന്ന് പറഞ്ഞിരുന്നു.
കര്‍ഷകര്‍ തങ്ങളുടെ മാര്‍ച്ച് തല്‍ക്കാലം നിര്‍ത്തിവെക്കുമെന്ന് കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളും പറഞ്ഞു. ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞ് ഞങ്ങള്‍ മുന്നോട്ട് പോയാല്‍ പിന്നെ മീറ്റിംഗുകള്‍ എങ്ങനെ നടക്കും എന്നും പ്രതിഷേധം സമാധാനപരമായി തുടരുമെന്നും ദല്ലേവാള്‍ പറഞ്ഞു. എം എസ് പി ഉറപ്പാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ അണിനിരക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ സുരക്ഷാ സേന കര്‍ഷകരെ ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ (125 മൈല്‍) തടഞ്ഞു. ഇത് നേരിയ ഏറ്റുമുട്ടലുകള്‍ക്കും കാരണമായി. അതിനിടെ സ്ഥലത്ത് ക്യാമ്പ് ചെയ്തവരില്‍ ഒരാളായ 63 കാരനായ കര്‍ഷകന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരിച്ചതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഒരു കര്‍ഷകന്റെ മരണത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് ലക്ഷ്യമിട്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഭഗീരഥയത്‌നത്തിലാണ്. ഉത്തരേന്ത്യയിലും വടക്കേ ഇന്ത്യയിലും സ്വാധീനമുള്ള വോട്ടിംഗ് ബ്ലോക്കാണ് കര്‍ഷകര്‍. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ വോട്ട് ഗതിയെ തന്നെ മാറ്റി മറിക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചേക്കും.
അതേസമയം പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ് കര്‍ഷകര്‍ വെള്ളിയാഴ്ച ക്യാമ്പ് ചെയ്തത്. സുരക്ഷാ സേന കോണ്‍ക്രീറ്റും മെറ്റലും ബാരിക്കേഡുകളും ടിയര്‍ ഗ്യാസ് കാനിസ്റ്ററുകള്‍ വഹിക്കുന്ന ഡ്രോണുകളും ഉപയോഗിച്ചാണ് കര്‍ഷകരെ നേരിടുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ തുടക്കത്തിലും കര്‍ഷക പ്രതിഷേധം രാജ്യ തലസ്ഥാനത്ത് അരങ്ങേറിയിരുന്നു.
മാസങ്ങള്‍ നീണ്ട ആ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും താങ്ങുവില ഉറപ്പാക്കാനുള്ള വഴികള്‍ കണ്ടെത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തത്. എന്നാല്‍ എം എസ് പി വാഗ്ദാനം പാലിക്കപ്പെടാത്തതിനാലാണ് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്.












Click it and Unblock the Notifications