ദില്ലിയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍, റോഡുകള്‍ അടച്ചു
ദില്ലി: കര്‍ഷക സമരം സംഘര്‍ഷ ഭരിതമായിരിക്കെ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ദില്ലി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു. കര്‍ഷകര്‍ കൂടുതലായി തമ്പടിച്ചിരിക്കുന്ന സിംഘു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക്, നഗ്ലോയ് എന്നി അതിര്‍ത്തി പ്രദേശത്തും ഇന്‍ര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം തന്നെ ഗതാഗത മാര്‍ഗങ്ങള്‍ അടയ്ക്കുകയും ചെയ്തു.
കര്‍ഷകര്‍ കൂടുതലായി ദില്ലി നഗരത്തിലേക്ക് എത്തുന്നത് തടയുന്നതിനാണ് ഈ നടപടികള്‍. മാത്രമല്ല, മൊബൈല്‍ വഴിയുള്ള സന്ദേശ കൈമാറ്റം തടയലും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതിനിടെ സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കാന്‍ വീണ്ടും ശ്രമം തുടങ്ങി. നജഫ്ഗഡില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ അവര്‍ തകര്‍ത്തു. വിവിധ വഴികളിലൂടെ കര്‍ഷകര്‍ ദില്ലിയിലേക്ക് വരുന്നത് ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നിരുന്നു. സമരക്കാര്‍ സിംഘു അതിര്‍ത്തിയിലേക്ക് തന്നെ പോകണമെന്നും അവിടെ സമരം തുടരുണമെന്നും കര്‍ഷക യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഇതോടെ ഒട്ടേറെ സമരക്കാര്‍ മടങ്ങുന്നു എന്നാണ് വിവരം.
ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍
കര്‍ഷകരുടെ ട്രാക്ടര്‍ റാലി തുടങ്ങിയ വേളയില്‍ തന്നെ ഇന്ന് സംഘര്‍ഷവും തുടങ്ങിയിരുന്നു. ട്രാക്ടറുമായി എത്തിയ കര്‍ഷകരെ പോലീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ തടയുകയും ലാത്തി വീശുകയും ചെയ്തു. ചില ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ടു. അനുമതി നല്‍കിയ വഴി വിട്ട് മറ്റു വഴികളിലൂടെ കര്‍ഷകര്‍ എത്തി എന്നാണ് പോലീസ് ആരോപണം. പോലീസിനെ നേരിടാന്‍ വാളുമായി നില്‍ക്കുന്ന കര്‍ഷകന്റെ ചിത്രങ്ങളും പുറത്തുവന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലി മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. ദില്ലിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും പോലീസ് അടച്ചു.
കര്‍ഷക സമരക്കാര്‍ ചെങ്കോട്ടയില്‍ കയറി പതാക നാട്ടി. കര്‍ഷകരുടെ പതാകയാണ് നാട്ടിയത്. കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തുമെന്ന് പോലീസ് പ്രതീക്ഷിച്ചിരുന്നില്ല. ദില്ലിയിലെ തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്നും അത് തങ്ങളുടെ അറിവോടെയല്ല എന്നും സംയുക്ത കര്‍ഷക യൂണിയന്‍ പ്രതികരിച്ചു.
പലയിടത്തും പോലീസ് തടയാന്‍ നോക്കിയതോടെ കര്‍ഷകര്‍ എല്ലാ വഴിയിലൂടെയും ട്രാക്ടറുമായും കാല്‍നടയായും എത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. ദില്ലി നഗരത്തിലും പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസിന് നേര്‍ക്ക് ഒരു കര്‍ഷകര്‍ ട്രാക്ടര്‍ ഓടിച്ചുകയറ്റി. സംഘര്‍ഷമുണ്ടായ ഐടിഒയിലേക്ക് കേന്ദ്രസേനയെ വിന്യസിച്ചു.