ഇന്ന് കരിദിനം, പിന്നാലെ മഹാപഞ്ചായത്തും ട്രാക്ടര്‍ റാലിയും; പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് നേരെയുണ്ടായ ഹരിയാന പൊലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും. പൊലീസ് ആക്രമണത്തില്‍ ഖനൗരി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന കരിദിനം ആചരിക്കുന്നത് എന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് അറിയിച്ചു.
പൊലീസ് നടപടിക്കിടെ കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ മൃതദേഹം ഇത് വരെയും കുടുംബം ഏറ്റുവാങ്ങിയിട്ടില്ല. പട്യാല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ശുഭ്കരണ്‍ സിംഗിന്റെ മൃതദേഹം ഏറ്റുവാങ്ങാനോ പോസ്റ്റുമോര്‍ട്ടം നടത്താനോ കുടുംബവും കര്‍ഷക സംഘടനകളും അനുമതി നല്‍കിയിട്ടില്ല. അതിനിടെ സംയുക്ത് കിസാന്‍ മോര്‍ച്ച (എസ്‌കെഎം) മാര്‍ച്ച് 14 ന് ഡല്‍ഹിയില്‍ 'മഹാപഞ്ചായത്ത്' ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചു.

പൊലീസ് നടപടിയെ അപലപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഹരിയാന മന്ത്രി അനില്‍ വിജിന്റെയും കോലം കത്തിക്കുമെന്നും എസ്‌കെഎം പറഞ്ഞു. മിനിമം താങ്ങുവിലയുടെ (എംഎസ്പി) ഗ്യാരന്റി നിയമം ആവശ്യപ്പെട്ട് ഫെബ്രുവരി 26 ന് രാജ്യത്തെ ഹൈവേകളില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് ടികായത് പറഞ്ഞു. ഇത് ഏകദിന പ്രതിഷേധമായിരിക്കും എന്നും എന്നാല്‍ സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭമുണ്ടാകും എന്നും ടികായത് കൂട്ടിച്ചേര്‍ത്തു.
ദൈര്‍ഘ്യമേറിയ പോരാട്ടമാണ് ഇതെന്നും നേരത്തെ ചെയ്തതുപോലെ നാല് ദിശകളില്‍ നിന്നും ഡല്‍ഹിയെ വളയേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ കര്‍ഷകരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഹരിയാന മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ സെക്ഷന്‍ 320 (ഐപിസി) പ്രകാരം കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഒരു പ്രതിഷേധക്കാരന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം,' ടികായത് പറഞ്ഞു. അതേസമയം മാര്‍ച്ചില്‍ ഗോതമ്പ് സംഭരണ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഒരു പരിഹാരം സാധ്യമാകുമെന്ന് ഭക്ഷ്യ സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു. എംഎസ്പി കൂടാതെ, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കുക, പൊലീസ് കേസുകള്‍ പിന്‍വലിക്കല്‍, 2021 ലെ ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി എന്നിവയും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
അതിനിടെ സമരത്തിന് എത്തുന്ന കര്‍ഷകരെ പഞ്ചാബ് പൊലീസ് തടയുന്നു എന്നാരോപിച്ച് പഞ്ചാബ് സര്‍ക്കാരിന് എതിരെയും കര്‍ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബില്‍ അതിക്രമിച്ച് കയറി ഹരിയാന പൊലീസ് നടത്തിയ അക്രമത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ പഞ്ചാബ് സര്‍ക്കാരിനെ വിശ്വസിക്കൂ എന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications