കര്‍ഷകപ്രക്ഷോഭം; കര്‍ഷക യൂണിയനുകളുമായി യോഗം ചേര്‍ന്ന് സുപ്രിം കോടതി നിയോഗിച്ച മൂന്നംഗസമിതി
ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി 12 കര്ഷകയൂണിയനുകളുമായി ഏഴാംഘട്ട യോഗം ചേര്‍ന്നു. ആന്ധ്രാ പ്രദേശ്,ബീഹാര്‍,ജമ്മു കാശ്മീര്‍,മധ്യപ്രദേശ്,രാജസ്ഥാന്, തെലുങ്കാന,ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ യൂണിയനുകളാണ് യോഗത്തില്‍ പങ്കെടുത്തത്.യോഗത്തില്‍ പുതിയ കര്‍ഷകബില്ലുകളെ കുറിച്ച് വലിയ രീതിയിലുള്ള ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ഷക യൂണിയനുകള്‍ക്ക് പുറമേ, വിദഗ്ധരായ അക്കാദമീഷ്യന്‍സ്, കൃഷി വിദഗ്ധര്‍, നിയമവിദഗ്ധര്‍ എന്നിവരില്‍ നിന്നും മൂന്നംഗസമിതി അഭിപ്രായങ്ങള്‍ തേടിയെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിദഗ്ധരുമായി ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിപ്രായങ്ങള്‍ തേടിയതായി സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മൊത്തം രാജ്യത്തെത്തെ പ്രമുഖരായ 7 വിദഗ്ധരോട് കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടിയതായും സമിതി അറിയിച്ചു.
കഴിഞ്ഞ ജനുവരി 12നാണ് സുപ്രീം കോടതി കേന്ദ്രത്തിന്റെ വിവാദ കാര്‍ഷികബില്ലുകള്‍ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. തുടര്‍ന്ന് കാര്‍ഷിക ബില്ലുകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ തേടി രണ്ട് മാസത്തിനകം വിശദ്ദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി മൂന്നംഗ സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട്് മാസത്തിലേറെയായി ഉത്തര്‍പ്രദേശ്,ഹരിയാന,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരാണ് കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. കര്‍ഷകരുമായി കേന്ദ്രം നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ബില്ലുകള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.