കടം ബാക്കിയാക്കി ഗോർവാഡേ മടങ്ങി: കർഷക സമരത്തിനിടെ കണ്ണീരോടെ മടക്കം, അംബേദ്കർ ഭവനിൽ അന്ന് നടന്നത്
ദില്ലി: കർഷക സമരത്തിനെത്തിയ കർഷകൻ ദില്ലിയിൽ മരിച്ചു. കർഷക മാർച്ചും കഴിഞ്ഞ് അംബേദ്കർ ഭവനിലെത്തിയ ശേഷമാണ് കിരൺ ശാന്തപ്പ ഗോർവാഡേ മരിച്ചത്. ശനിയാഴ്ച പുലർച്ചെ 3.15ഓടെയാണ് പോലീസിന് ഫോൺ കോൾ ലഭിക്കുന്നത്. മഹാരാഷ്ട്രയിലെ കോലാപ്പൂർ സ്വദേശിയാണ് കർഷക മാർച്ചിൽ പങ്കെടുക്കാനെത്തിയ ഗോർവാഡെ. കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉണ്ടായ വിലത്തകർച്ചയും വിപണിയിൽ നിന്ന് നേരിട്ട തിരിച്ചടിയും കാരണം ആറ് ലക്ഷത്തോളം രൂപയുടെ കടമാണ് ഗോർവാഡെയ്ക്ക് ഉണ്ടായിരുന്നത്.
തെലങ്കാനയില്‍ എന്‍ടിആറിന്റെ പേരക്കുട്ടി മത്സരിക്കും.... നന്ദമുരി കുടുംബത്തെ കൈയ്യിലെടുത്ത് നായിഡു!!
കോ ഓപ്പറേറ്റീവ് ബാങ്കിന് പുറമേ ക്രെഡിറ്റ് സൊസൈറ്റിയിലും ഇദ്ദഹത്തിന് കടമുണ്ടായിരുന്നു. ദില്ലിയിലെ ജണ്ഡേവാലനിലെ അംബേദ്കർ ഭവന്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് മരിക്കുന്നത്. ഉടൻ തന്നെ ലേഡി ഹാർഡ് ലൈൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി കാൽ തെന്നി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തറയിൽ വീണ് കിടക്കുന്ന നിലയിലാണ് ഗാർവാഡെയെ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സ്വാഭിമാനി ഷെഠ്കാരി സംഘടനക്ക് വിട്ടുനൽകി. 2002 മുതൽ കർഷക രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളാണ് ഇദ്ദേഹം. കരിമ്പിന് മികച്ച വില ലഭിക്കുന്നതിന് ഉൾപ്പെടെ നിരവധി കർഷക സമരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണ് ഇദ്ദേഹം. 600 ഓളം കർഷകരുമായാണ് കോലാപ്പൂരിൽ നിന്ന് പ്രസ്തുുത സംഘടന ദില്ലിയിലെത്തിയത്.
നാല് എക്രയോളം ഭൂമിയാണ് ഗോർവാഡെ കരിമ്പ് കൃഷിക്കായി മാറ്റിവെച്ചിരുന്നത്. അവശേഷിക്കുന്ന ഭൂമി ഗോതമ്പ്, സോയാബീൻ ഉൾപ്പെടെയുള്ള വിളകൾക്കായി മാറ്റിവെച്ചിരുന്നു. എന്നാൽ കാലംതെറ്റി പെയ്ത മഴയിലും കീടാക്രമണത്തിലും നശിച്ച് പോകുകയായിരുന്നു. ഇത് നഷ്ടമാണെന്ന് കണ്ടതോടെ ഇവ പിഴുതുമാറ്റിയ ശേഷം നവംബറിൽ കരിമ്പ് കൃഷി ആരംഭിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷത്തോളമായി തിരിച്ചടവ് ഇല്ലാതെ കിടക്കുന്ന വായ്പയെക്കുറിച്ചുള്ള ടെൻഷനുകൾ ഇദ്ദേഹത്തെ അലട്ടിയിരുന്നതായും സമീപവാസികൾ പറയുന്നു. കോലാപ്പൂർ ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കിൽ മൂന്ന് ലക്ഷം രൂപയുടെ കടമുണ്ട്. കൂടാതെ സാഹു കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും വായ്പയെടുത്തിരുന്നു. സമീപത്തെ കരിമ്പ് മില്ലുകൾക്കാണ് ഗോർവാഡേ പ്രധാനമായും കരിമ്പ് വിറ്റുവന്നിരുന്നത്. എന്നാൽ കർഷിയിൽ നഷ്ടം സംഭവിച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതോടെയാണ് കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ദില്ലിയിലേക്ക് പോകുന്നത്.