നയിക്കാന്‍ രാഹുലെത്തും; ആദ്യ വേദി പഞ്ചാബ്, കര്‍ഷക പ്രക്ഷോഭം കരുത്താര്‍ജ്ജിപ്പിക്കാന്‍ കോണ്‍ഗ്രസ്
ദില്ലി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലില്‍ രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പുവെച്ചെങ്കിലും രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം അതിശക്തമായി തന്നെ തുടരുകയാണ്. പഞ്ചാബ് മുതല്‍ ബിജെപി ഭരണത്തിലുള്ള കര്‍ണാടകയില്‍ വരെ പ്രതിഷേധം ശക്തമാണ്. 108 കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ഇന്ന് കര്‍ണാടകയില്‍ ഇന്ന് ബന്ദ് നടക്കുകയാണ്. ബന്ദിന് പിന്തുണ നല്കിയ കോണ്‍ഗ്രസ്, ജെഡിഎസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വരുദിവസങ്ങളിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരനാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

രാഹുല്‍ ഗാന്ധി വരുന്നു
കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്തിറങ്ങുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കാര്ഷി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന പഞ്ചാബില്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് രാഹുല്‍ നേതൃത്വം നല്‍കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ഥലവും തിയതിയും പ്രഖ്യാപിച്ചില്ല
രാഹുല്‍ നേതൃത്വം നല്കുന്ന പ്രതിഷേധ പരിപാടി ഈ ആഴ്ചയുണ്ടാകും. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രാഹുല്‍ ഗാന്ധി പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് സൂചന. പഞ്ചാബില്‍ നടക്കുന്ന ഒരു റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. എന്നാല്‍ ഇതിന്റെ സ്ഥലവും തിയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പഞ്ചാബില്‍ നിന്നും ഹരിയാനയിലേക്ക്
പഞ്ചാബിലെ പ്രതിഷേധത്തിന് ശേഷം രാഹുല്‍ പോവുക തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിലേക്കാവും. ഹരിയാനയിലും ബില്ലിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പ്രവേശിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംശയമുണ്ട്. ഇത്തരമൊരു നടപടിയുണ്ടായാല്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

ഇന്ത്യാ ഗേറ്റിന് മുന്നിലും പ്രതിഷേധം
കര്‍ഷക ബില്ലിനെതിരെ കഴിഞ്ഞ രണ്ടുമാസമായി രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധം നടത്താന്‍ ഒരുങ്ങുന്നത്. ദില്ലിയില്‍ ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഇന്ന് നടത്ത പ്രതിഷേധ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു.

അതീവ സുരക്ഷാമേഖലയില്‍
ദില്ലിയിലെ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയില്‍ ട്രാക്ടര്‍ കത്തിച്ചാണ് കര്‍ഷകര്‍ ഇന്ന് പ്രതിഷേധിച്ചത്. രാവിലെ 7.30 ഓട് കൂടിയായിരുന്നു സംഭവം. പിന്നീട് പൊലീസും അഗ്നിശമനാ സേനയുമെത്തിയാണ് ട്രാക്റ്റര്‍ സ്ഥലത്തു നിന്ന് നീക്കിയത്. സംഭവത്തില്‍ ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടുതല്‍ തീവ്രതയാര്‍ജ്ജിച്ചു
അതേസമയം, അകാലിദള്‍ കൂടി രംഗത്ത് ഇറങ്ങിയോതോടെ പഞ്ചാബില്‍ കര്‍ഷക സമരങ്ങള്‍ക്ക് കൂടുതല്‍ തീവ്രതയാര്‍ജ്ജിച്ചു. കര്‍ഷക പ്രതിഷേധം ഏറ്റവും ശക്തമായ പഞ്ചാബില്‍ ഏതറ്റംവരെയും പോയി കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നേരത്തെ പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലനില്‍പ്പിന് വേണ്ടി
പുതിയ നിയമം നടപ്പിലാകുന്നതോടെ പഞ്ചാബിന്റെ കാര്‍ഷിക മേഖല പൂര്‍ണ്ണമായും തകരും. പുതിയ നിയമനിര്‍മ്മാണത്തില്‍ താങ്ങുവിലയെക്കുറിച്ച് പ്രതിപാദിക്കാത്തത് ബിജെപിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അകാലി ദളിനെതിരെ വിമര്‍ശനവും അമരീന്ദര്‍ സിങ് അഴിച്ചു വിട്ടു. നിലനില്‍പ്പിന് വേണ്ടിയാണ് അകാലി ദള്‍ എന്‍ഡിഎ വിട്ടതെന്നായിരുന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം