കര്‍ഷകര്‍ ഇരമ്പി വരുന്നു; വന്‍ പ്രക്ഷോഭം, ദില്ലി അതിര്‍ത്തി അടച്ചു, പോലീസ് സജ്ജം
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ ദില്ലി മാര്‍ച്ച്. ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മാര്‍ച്ച് പ്രഖ്യാപിച്ചത്. പഞ്ചാബില്‍ നിന്ന് വന്‍തോതില്‍ കര്‍ഷകര്‍ സമര രംഗത്തേക്ക് വരാന്‍ തുടങ്ങിയതോടെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. സമരക്കാരെ നേരിടാന്‍ ഹരിയാന സര്‍ക്കാര്‍ പോലീസിനെ വിന്യസിച്ചു. ദില്ലി അതിര്‍ത്തിയും അടച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്നും നാളെയുമായി കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ദില്ലിയുമായി അതിര്‍ത്തി പങ്കിടുന്ന ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
സമരം ശക്തമാകുമെന്ന ആശങ്കയില്‍ ദില്ലി മെട്രോ സര്‍വീസ് നിയന്ത്രിച്ചിരിക്കുകയാണ്. ദില്ലിയുടെ സമീപ നഗരങ്ങളിലേക്കുള്ള സര്‍വീസ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ ദീര്‍ഘനാളായി സമരം നടക്കുകയാണ്. റെയില്‍വെ ഗതാഗതം അവര്‍ ആഴ്ചകളായി തടസപ്പെടുത്തിയിരുന്നു. ഈ സമരം മതിയാക്കിയ ശേഷമാണ് ദില്ലി മാര്‍ച്ച് പ്രഖ്യാപിച്ചത്. കര്‍ഷക റാലിക്ക് ദില്ലിയില്‍ അനുമതി നല്‍കിയിട്ടില്ല. കൊറോണ വ്യാപന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
ഹരിയാന സര്‍ക്കാര്‍ പഞ്ചാബ് അതിര്‍ത്തി ഇന്നും നാളെയും അടച്ചിടാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇത് സംബന്ധിച്ച് പോലീസിന് പ്രത്യേക നിര്‍ദേശം നല്കി. ഹരിയാനയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. കര്‍ഷക സമരം ശക്തിപ്പെടാന്‍ സാധ്യതയുള്ള രണ്ടു സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. ഹരിയാനയില്‍ നിന്നു പഞ്ചാബിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവച്ചു. ഹരിയാന അതിര്‍ത്തിയില്‍ ഇന്നലെ രാത്രി മുതല്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ തമ്പടിക്കുകയാണ്. ഇന്ന് രാവിലെ ആയപ്പോഴേക്കും വന്‍ ജനക്കൂട്ടമായി മാറിയിട്ടുണ്ട്. ക്രമസമാധാന നില തകരുമോ എന്ന ആശങ്കയിലാണ് ഹരിയാന പോലീസ്. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് രണ്ട് ലക്ഷം കര്‍ഷകര്‍ കടക്കുമെന്നാണ് സമരത്തിന് മുന്നിലുള്ള ഭാരതീയ കിസാന്‍ യൂണിയന് പറയുന്നത്.
ഭക്ഷ്യവസ്തുക്കളുമായിട്ടാണ് കര്‍ഷകര്‍ സമരത്തിന് എത്തിയിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും അവര്‍ കരുതിയിട്ടുണ്ട്. കടുത്ത തണുപ്പാണ് ദില്ലി, ഹരിയാന മേഖലകളില്‍. അതുകൊണ്ടുതന്നെ വിറകുകളും ബ്ലാങ്കറ്റുകളും സമരക്കാര്‍ കരുതിയിട്ടുണ്ട്. സമരം ദീര്‍ഘകാലം നീണ്ടേക്കാമെന്നും എല്ലാ ഒരുക്കങ്ങളോടെയുമാണ് തങ്ങള്‍ വരുന്നതെന്നും കര്‍ഷകര്‍ ബികെയു ജനറല്‍ സെക്രട്ടറി സുഖ്ദേവ് സിങ് കോക്രികാലന്‍ പറഞ്ഞു. പ്രശ്നം തീരാതെ തിരിച്ചുപോകില്ലെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശില്‍ നിന്ന് മേധാ പട്കറുടെ നേതൃത്വത്തില്‍ ഒരു സംഘം കര്‍ഷകര്‍ ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവരെ ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ പോലീസ് തടഞ്ഞു. മേധാ പട്കറെ അറസ്റ്റ് ചെയ്തു. സമാധാന പരമായി സമരം നടത്തുന്ന കര്‍ഷകരെ തടഞ്ഞത് അനുവദിക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടണം എന്നും അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു.