ഗാന്ധിജിയെ കണ്ടവരുണ്ടോ? ഗാന്ധിയില്ലാത്ത നോട്ടുമായി കര്‍ഷകര്‍ കുടുങ്ങി, ചതിച്ചതോ, കള്ളനോട്ടോ?
മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് എസ്ബിഐയില്‍ നിന്നു ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ നോട്ടുകള്‍ ലഭിച്ചു.
ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയില്ലാത്ത നോട്ടിനെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് സങ്കല്‍പ്പിക്കാനാവുമോ? എന്നാല്‍ അതും സംഭവിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ചിത്രമില്ലാതെ പുതിയ നോട്ട് പുറത്തിറങ്ങി.
മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലുള്ള കര്‍ഷകര്‍ക്കാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ നോട്ടുകള്‍ ലഭിച്ചത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നാണ് കര്‍ഷകര്‍ക്ക് ഗാന്ധിയില്ലാത്ത നോട്ടുകള്‍ ലഭിച്ചത്. നോട്ടില്‍ ചിത്രം വരേണ്ട ഭാഗം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

നോട്ടുകള്‍ ലഭിച്ച കര്‍ഷകര്‍ ഇതേക്കുറിച്ച് പരാതിപ്പെട്ടുപ്പോള്‍ അച്ചടിപ്പിശക് മൂലമാവാം ഇങ്ങനെ സംഭവിച്ചതെന്ന് ബാങ്ക് അധികൃതരുടെ വിശദീകരണം.

പണം കള്ളനോട്ടാണെന്നാണ് കര്‍ഷകര്‍ ആദ്യം കരുതിയത്. ഇതിനെതിരേ അവര്‍ സംഘം ചേര്‍ന്നെത്തി പ്രതിഷേധിച്ചതോടെ ബാങ്ക് അധികൃതര്‍ ഇവ ശരിക്കുള്ള നോട്ട് തന്നെയാണെന്നും അച്ചടിയില്‍ സംഭവിച്ച പിഴവാകാം ഇതിനു കാരണമെന്നും അറിയിക്കുകയായിരുന്നു.

ബാങ്കുകളില്‍ നിന്ന് നോട്ട് വാങ്ങി മടങ്ങിയ കര്‍ഷകര്‍ അപ്പോള്‍ നോട്ടിലെ ഈ പിശക് കണ്ടെത്തിയിരുന്നില്ല. മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോയപ്പോഴാണ് കൃഷ്ണമീനയെന്നയാള്‍ തന്റെ പക്കലുള്ള നോട്ടില്‍ ഗാന്ധി ചിത്രമില്ലെന്നു കണ്ടത്. ഇയാള്‍ തനിക്കൊപ്പം ബാങ്കില്‍ നിന്നു പണം വാങ്ങിയ മറ്റൊരാളെ വിളിച്ചു. തനിക്കും അത്തരം നോട്ട് ലഭിച്ചതെന്ന് അയാളും പറഞ്ഞു. പിന്നീട് മറ്റു ചിലര്‍ കൂടി അറിയിച്ചതോടെ ഇവര്‍ സംഘമായി ബാങ്കിലെത്തുകയായിരുന്നു.

പിശകുള്ള നോട്ടുകള്‍ തിരിച്ചെടുത്ത എസ്ബിഐ പകരം നോട്ടുകള്‍ നല്‍കിയതോടെയാണ് കര്‍ഷകര്‍ ശാന്തരായത്.

1996 മുതലാണ് ഇന്ത്യയിലെ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം അച്ചടിക്കാന്‍ തുടങ്ങിയത്. ഈ നോട്ടുകള്‍ വന്നതോടെ പഴയ നോട്ടുകളെല്ലാം പിന്‍വലിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications