സമരവുമായി പഞ്ചാബ് തലസ്ഥാനത്തേക്ക് കർഷകർ, റോഡ് തടഞ്ഞ് പോലീസ്; സമരം അനാവശ്യമെന്ന് മുഖ്യമന്ത്രി
ചണ്ഡീഗഡ്; ഗോതമ്പിന് ബോണസ് കൂട്ടുക, നെല്ല് വിതക്കാനുള്ള സമരം നേരത്തെയാക്കുക തുടങ്ങി നിരവധി ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചാബിൽ പുതിയ കർഷക സമരം രൂപം പ്രാപിക്കുന്നു. എഎപി സർക്കാരിൽ സമ്മർദ്ദം ചെലുത്താനായി ധാന്യങ്ങൾ, കിടക്കകൾ, ഫാനുകൾ, പാത്രങ്ങൾ, പാചക വാതക സിലിണ്ടറുകൾ എന്നിവയുമായി കർഷകർ സംസ്ഥാന തലസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ബാരിക്കേഡുകൾ ഉപയോ ഗിച്ച് മൊഹാലി അതിർത്തിയിൽ പോലീസ് ഇവരെ തടഞ്ഞു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തിയ സമരത്തിന്റെ മാതൃകയിൽ സമരം നടത്താനാണ് കർഷകരുടെ പദ്ധതി.
ബുധനാഴ്ചയ്ക്കകം മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയില്ലെങ്കിൽ ബാരിക്കേഡുകൾ തകർത്ത് ചണ്ഡീഗഡിലേക്ക് നീങ്ങുമെന്ന് കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു. നിരവധി കർഷക സംഘടനകൾ സമരത്തിന് പിൻതുണ നൽകുന്ന സാഹചര്യത്തിൽ ചണ്ഡീഗഢ്-മൊഹാലി അതിർത്തിയിൽ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചു. ബാരിക്കേഡിന് പുറമെ ടിപ്പറുകൾ, ജലപീരങ്കികൾ, പോലീസ് ഷീൽഡ് എന്നിവ മൊഹാലിയിൽ പോലീസ് കരുതിയിട്ടുണ്ട്. കനത്ത ചൂട് കാരണം വിളവ് കുറഞ്ഞെന്നും ആയതിനാൽ ഓരോ ക്വിന്റൽ ഗോതമ്പിനും 500 രൂപ ബോണസ് നൽകണമെന്നും. മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച ജൂൺ 18 മുതൽ നെല്ല് വിതയ്ക്കുന്നതിന് പകരം ജൂൺ 10 മുതൽ സർക്കാർ അനുവദിക്കണം എന്നതുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.

ചോളത്തിന് താങ്ങുവില പ്രഖ്യാപിക്കുക, ബസുമതിക്ക് ക്വിന്റലിന് 4,500 രൂപ എംഎസ്പിയായി നിശ്ചയിക്കുക, സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്ത കർഷകർക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് റദ്ദാക്കുക, രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുക എന്നിവയാണ് ഇവർ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ. "ഇത് പഞ്ചാബിലെ ഞങ്ങളുടെ സമരത്തിന്റെ തുടക്കമാണ്, ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ അത് തുടരും. 25 ശതമാനം കർഷകർ മാത്രമാണ് ഇതുവരെ ഇവിടെ എത്തിയിട്ടുള്ളത്. ബുധനാഴ്ച മുതൽ കൂടുതൽ ആളുകൾ സ്ഥലത്തെത്തും. വിജയിക്കാനോ അല്ലെങ്കിൽ മരിക്കാനോ ഉള്ള പോരാട്ടത്തിലാണ് ഞങ്ങൾ." ഒരു കർഷക നേതാവ് പറഞ്ഞു.
ഏപ്രിൽ 17 ന് മുഖ്യമന്ത്രിയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയിൽ. 11 ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചിരുന്നു. ഈ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് മാൻ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു ആവശ്യം പോലും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കർഷക നേതാവ് ലഖോവൽ പറഞ്ഞു. അതേ സമയം ഇപ്പോൾ നടക്കുന്ന സമരങ്ങൾ അനാവശ്യം ആണെന്ന് മുഖ്യമന്ത്രി ഭ ഗവന്ത് മാൻ പറഞ്ഞു. എന്നാൽ കർഷകരുമായി ചർച്ചക്ക് തയ്യാറാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധർണ നടത്താൻ അവർക്ക് ജനാധിപത്യപരമായ അവകാശമുണ്ട്, പക്ഷേ അവർ അവരുടെ പ്രശ്നങ്ങൾ പറയണം," ഡൽഹിയിൽ നിന്ന് മടങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മാൻ പറഞ്ഞു. നെൽവിത്ത് വിതയ്ക്കുന്ന പരിപാടി കർഷകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകില്ലെന്നും എന്നാൽ ഭൂഗർഭജലം സംരക്ഷിക്കുന്നതിനുള്ള ഒരു ഉത്തേജകമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷത്തേക്ക് എങ്കിലും കർഷകർ ഇതിന് പിൻതുണ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഈ കാലയളവിൽ കർഷകർക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായാൽ സംസ്ഥാന സർക്കാർ പൂർണമായി നഷ്ടപരിഹാരം നൽകുമെന്നും പറഞ്ഞു. സംസ്ഥാനത്തെ ജലം സംരക്ഷിക്കുന്നതിനെക്കുറിച്ചും പരിസ്ഥിതി മലിനീകരണം തടയുന്നതിനെക്കുറിച്ചും ചിന്തിക്കുന്നതിനാൽ തനിക്ക് തെറ്റ് പറ്റിയോ എന്ന് സമരം ചെയ്യുന്ന കർഷകർ പറയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications