സിംഘുവിലെ കര്‍ഷക സമരം അട്ടിമറിക്കാന്‍ പദ്ധതി; അക്രമിയെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കി കര്‍ഷകര്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തെ അട്ടിമറിക്കാനും നാല് നേതാക്കള്‍ക്കെതിരെ വെടിയുതിര്‍ക്കാനും നിയോഗിച്ചതാണെന്ന് ആരോപിച്ച് ഒരാളെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു കര്‍ഷകര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

കര്‍ഷക സംഘടനകളുടെ നാല് നേതാക്കളെ വെടിവയ്ക്കുന്നതിനായി ചുമതലപ്പെടുത്തിയ രണ്ട് സംഘത്തില്‍പ്പെട്ട ഒരാളെയാണ് ഹാജരാക്കിയതെന്ന് കര്‍ഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിലെ റാലി അലങ്കോലപ്പെടുത്തുന്നതിനായാണ് നേതാക്കളെ വെടിവയ്ക്കാന്‍ പദ്ധതിയിട്ടതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. മുഖം മൂടി ധരിച്ച് ഹാജരാക്കിയ ആളെ പിന്നീട് പൊലീസിന് കൈമാറി.
കര്‍ഷക റാലി അലങ്കോലമാക്കാന്‍ പൊലീസിന്റെ സഹായത്തോടെ പദ്ധതിയിട്ടിരുന്നതായി ഹാജരാക്കിയ വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഡാലോചന നടത്തിയ പൊലീസുകാരുടെ പേരും അയാള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കി. രണ്ട് സംഘങ്ങളായി ജനുവരി 19 മുതല്‍ തങ്ങള്‍ ഇവിടെയുണ്ട്. സമരം ചെയ്യുന്ന കര്‍ഷകരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ എത്തിയത്.
ജനുവരി 26ന് നടത്തുന്ന കര്‍ഷക റാലിയില്‍ കര്‍ഷകര്‍ വെടിയുതിര്‍ക്കുന്നെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പദ്ധതി. സമരക്കാര്‍ക്ക് ആദ്യം പൊലീസ് മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് സഹകരിച്ചില്ലെങ്കില്‍ മുട്ടിന് താഴെ വെടിവയ്്ക്കാനായിരുന്നു പദ്ധതി , കര്‍ഷകരുടെ കയ്യില്‍ ആയുധങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ഞങ്ങള്‍ ആയുധങ്ങളുമായി എത്തിയതെന്ന് മുഖം മൂടി ധരിച്ച വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം കുണ്ട്‌ലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications