വീണ്ടും ശക്തിയാര്‍ജ്ജിച്ച് കര്‍ഷക സമരം; ഘാസിപൂര്‍ അതിര്‍ത്തിയിലേക്ക് ട്രാക്ടറുകളില്‍ കര്‍ഷകരുടെ ഒഴുക്ക്
ദില്ലി: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തിന് പിന്നാലെ ഘാസിപൂര്‍ അതിര്‍ത്തിയിലേക്ക് കര്‍ഷകരുടെ ഒഴുക്ക്. ഉത്തര്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നാണ് നൂറുകണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളിലും മറ്റുമായി എത്തുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമായ അരിയും സാധനങ്ങളും വെള്ളവും വഹിച്ചുകൊണ്ടാണ് കര്‍ഷകര്‍ അതിര്‍ത്തിയില്‍ എത്തിയത്.

മൂന്ന് സുഹൃത്തുക്കളുമായി ദില്ലി-യുപി അതിര്‍ത്തിയിലെത്തിയ ഖഞ്ചര്‍പൂരില്‍ നിന്നുള്ള സുബോദ് കുമാര്‍ എന്ന കര്‍ഷകന്‍ ടാര്‍പായകളും കയരുമായി എത്തി അതിര്‍ത്തിയിലെ മേല്‍പ്പാലത്തിന് സമീപം ഒരു കൂടാരം സ്ഥാപിച്ചു. താമസിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. എന്റെ ഭാര്യയും മക്കളും ഇപ്പോള്‍ കൃഷിസ്ഥലം പരിപാലിക്കുകയാണ്. ടി വിയില്‍ ടിക്കായത്ത് കരയുന്നത് കണ്ട് ഭാര്യയും കരഞ്ഞു. പോലീസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല, അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ പക്കല്‍ കുറച്ച് പച്ചക്കറികളും അരിയും ഉണ്ട്... സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പാചകം ചെയ്ത് വിതരണം നല്‍കുമെന്നും സുബോദ് കുമാര്‍ പറഞ്ഞു.
അതേസമയം, അതിര്‍ത്തിയില്‍ എത്തുന്ന കര്‍ഷകരുടെ എണ്ണം കൂടിവരികയാണ്. ഭാരതീയ കിസാന്‍ യൂണിയന്‍, രാഷ്ട്രീയ ലോക് ദള്‍ പ്രവര്‍ത്തകരും കര്‍ഷകര്‍ക്ക് വെള്ളവും ഭക്ഷണം എത്തിച്ചുനല്‍കുകയാണ്. നേരത്തെ 1000 കര്‍ഷകര്‍ക്കാണ് ഭക്ഷണം പാചകം ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ 3000 കര്‍ഷകര്‍ക്കാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന ഭാരതീയ കിസാന്‍ യൂണിയന്‍ അംഗം ദേശ്പാല്‍ സിംഗ് പറഞ്ഞു. തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications