സ്ത്രീവിരുദ്ധ പരാമര്‍ശം; മന്ത്രി മാപ്പ് പറഞ്ഞു
ദില്ലി: സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ള വിവാദത്തില്‍. പേഴ്‌സണല്‍ സെക്രട്ടറിമാരായി സ്ത്രീകളെ നിയമിക്കുന്നതിന് മുന്‍പ് രണ്ടുവട്ടം ചിന്തിക്കേണ്ട സ്ഥിതിയിലാണ് പുരുഷന്മാര്‍ എന്ന പ്രസ്താവനയാണ് മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്ദുള്ള പറഞ്ഞത്. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
തന്റെ പരാമര്‍ശത്തെ ആളുകള്‍ തെറ്റിദ്ധരിച്ചതാണ് എന്നാണ് ഫറൂഖ് അബ്ദുള്ള പറയുന്നത്. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടിയായ ബി ജെ പി അടക്കമുള്ള രാഷ്ട്രീയ എതിരാളികള്‍ക്ക് മാത്രമല്ല, മകനും കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുളളയ്ക്ക് പോലും ഫറൂഖ് പറഞ്ഞത് മനസിലായില്ല എന്നതാണ് ഇതിലെ രസകരമായ കാര്യം. വിവാദപരാമര്‍ശത്തില്‍ ഫറൂഖ് അബ്ദുള്ള മാപ്പ് പറയണമെന്ന് ഒമര്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു.

സെക്രട്ടറിയായി സ്ത്രീകളെ നിയമിക്കരുത് എന്നും അവര്‍ കേസ് കൊടുത്താല്‍ തങ്ങള്‍ അകത്തുപോകണമെന്ന സ്ഥിതിയാണ് രാജ്യത്ത് ഉള്ളതെന്നുമാണ് നേരത്തെ ഫറൂഖ് അബ്ദുള്ള പറഞ്ഞത്. എന്തിനധികം പറയുന്നു, സ്ത്രീകളോട് സംസാരിക്കാന്‍ പോലും പേടിക്കേണ്ട കാലമാണിത്. സ്ത്രീകള്‍ വിചാരിച്ചാല്‍ വളരെ എളുപ്പത്തില്‍ ഒരാളെ ജയിലിലാക്കാന്‍ പറ്റും. രാജ്യത്ത് വിവാദമായ ലൈംഗികാരോപണങ്ങളോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഫറൂഖ് അബ്ദുള്ള വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.
നേരത്തെ സാമനമായ പ്രസ്താവന നടത്തിയ സമാജ് വാദി എം പി നരേഷ് അഗര്‍വാളും വിവാദത്തില്‍പ്പെട്ടിരുന്നു. ലൈംഗിക ആരോപണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ സ്ത്രീകളെ ജോലിക്ക് വെക്കാന്‍ ആളുകള്‍ പേടിക്കുന്നു എന്നായിരുന്നു അഗര്‍വാളിന്റെ അഭിപ്രായം. തെഹല്‍ക്ക എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന തരുണ്‍ തേജ്പാല്‍, സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് എ കെ ഗാംഗുലി തുടങ്ങിയവരാണ് ഇപ്പോള്‍ ലൈംഗികാരോപണം നേരിടുന്ന പ്രമുഖര്‍.












Click it and Unblock the Notifications