വിവാഹ പാര്‍ട്ടിക്കിടെ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിക്കു നേരെ വധശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്കു നേരെ വധശ്രമം. ബുധനാഴ്ച വൈകിട്ടോടെയാണ് വധശ്രമം ഉണ്ടായത്. ജമ്മുവില്‍ ഒരു വിവാഹ ചടങ്ങിടെയാണ് ആശങ്കപ്പെടുത്തുന്ന സംഭവം ഉണ്ടായത്. തലനാരിഴയ്ക്കാണ് ഫറൂഖ് അബ്ദുള്ള രക്ഷപ്പെട്ടത്. അക്രമിയായ കമല്‍ സിങ് ജാംവാള്‍ എന്ന അറുപത്തഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് ഫറൂഖ് അബ്ദുള്ളയ്‌ക്കൊപ്പം ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിര്‍ സോഗാമിയും ഉണ്ടായിരുന്നു.
ജമ്മുവിലെ ഗ്രേറ്റര്‍ കൈലാഷിലുള്ള റോയല്‍ പാര്‍ക്കില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. അക്രമിയായ കമല്‍ ഫറൂഖ് അബ്ദുള്ളയ്ക്ക് തൊട്ടുപിന്നിലെത്തുകയും തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എന്‍എസ്ജി കമാന്‍ഡോകള്‍ ഉടന്‍ തന്നെ അക്രമിയെ തള്ളിവീഴ്ത്തിയതോടെ വെടിയുണ്ട ലക്ഷ്യം തെറ്റി മാറിപ്പോകുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.

ജമ്മു പുരാനി മണ്ഡി സ്വദേശിയായ അക്രമിയെ ഉടന്‍ തന്നെ അവിടെയുണ്ടായിരുന്നവര്‍ പിടികൂടി മര്‍ദിക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. പിടിയിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍, ഈ നിമിഷത്തിനായി താന്‍ കഴിഞ്ഞ 20 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു എന്നാണ് കമല്‍ സിങ് പൊലീസിനോട് പറഞ്ഞത്. താന്‍ ചെയ്ത കാര്യത്തില്‍ യാതൊരു പശ്ചാത്താപവുമില്ലെന്ന് ഇയാള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ സംഭവത്തെ 'വധശ്രമം' എന്ന് വിശേഷിപ്പിച്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, തന്റെ പിതാവിന്റെ സുരക്ഷയില്‍ ഉണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരാളുടെ ഇത്രയും അടുത്തേക്ക് തോക്കുമായി ഒരാള്‍ക്ക് എങ്ങനെ എത്താന്‍ കഴിഞ്ഞു എന്നത് ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ദൈവാനുഗ്രഹത്താല്‍ വലിയൊരു ദുരന്തം ഒഴിവായെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും നാസിര്‍ സോഗാമിയും അറിയിച്ചു. പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications