ജമ്മു കശ്മീരില്‍ ബിജെപിയുമായി സഖ്യം രൂപീകരിക്കുമോ? ഫാറൂഖ് അബ്ദുള്ളയ്ക്ക് പറയാനുള്ളത്
ശ്രീനഗർ: ജമ്മു കശ്മീരില്‍ എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കമുള്ള തൂക്കുസഭയായിരിക്കും നിലവില്‍ വരികയെന്നാണ് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്. എക്സിറ്റ് പോളുകള്‍ സത്യമാകുകയാണെങ്കില്‍ ഏതൊരു പാർട്ടിക്കും അധികാരത്തിലെത്തണമെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യ സാധ്യതകള്‍ തേടേണ്ടി വരും.
മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് 48 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് ഇന്ത്യാ ടുഡെ സി വോട്ടർ സർവ്വെ അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ സഖ്യത്തിന് മറ്റാരുടേയും പിന്തുണയില്ലാതെ അധികാരത്തിലെത്താം. 90 സീറ്റുകളുള്ള ജമ്മു കശ്മീരില്‍ സർക്കാർ രൂപീകരിക്കാന്‍ വേണ്ടത് 46 പേരുടെ പിന്തുണയാണ്.

ഒരു പാർട്ടിക്കും സഖ്യത്തിനും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ തീർച്ചയായും സഖ്യ സാധ്യതകള്‍ തേടേണ്ടി വരും. കഴിഞ്ഞ തവണയും സമാനമായ സാഹചര്യം നേരിട്ടപ്പോള്‍ ബി ജെ പി - പി ഡി പി സഖ്യ സർക്കാറായിരുന്നു അധികാരത്തില്‍ വന്നത്. ഇത്തവണയും അത്തരത്തിലുള്ള അവിചാരിത സഖ്യങ്ങള്‍ അധികാരത്തില്‍ വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഏത് സാഹചര്യമായാലും ബി ജെ പിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കില്ലെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കുന്നത്. സർക്കാർ രൂപീകരിക്കാന്‍ ബി ജെ പിയുമായി ചർച്ചകള്‍ നടത്തുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിക്കെതിരായിട്ടാണ് ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇത്തവണ വോട്ട് ചെയ്തത്. അതുകൊണ്ട് തന്നെ അവരുമായുള്ള സഖ്യത്തിന് യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയുമായി സഹകരിക്കാൻ തീരുമാനിക്കുന്ന ഏതൊരു രാഷ്ട്രീയ പാർട്ടിയും ജമ്മു കശ്മീരിൻ്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ നിന്ന് തന്നെ അപ്രത്യക്ഷമാകുന്നതിനുള്ള സാധ്യത ക്ഷണിച്ചുവരുത്തുമെന്നും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉറിപ്പിച്ച് പറഞ്ഞു. നാഷണൽ കോൺഫറൻസിന് അനുകൂലമായി ലഭിക്കുന്ന വോട്ടുകള്‍ ബി ജെ പിക്കെതിരായ വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർമാരില്‍ പൂർണ്ണ വിശ്വാസമുണ്ട്. ഫലം വരുന്നത് വരെ എല്ലാവരും ക്ഷമയോടെ ഇരിക്കണം. " ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നത് വരെ നമുക്ക് വ്യക്തമായ ഒന്നും പ്രതീക്ഷിക്കാനാവില്ല. ഈ തിരഞ്ഞെടുപ്പുകളിൽ ആരാണ് വിജയിച്ചതെന്നും ആരാണ് പരാജയപ്പെടുന്നതെന്നും ആ സമയത്ത് വ്യക്തമാകും," എന്നും എക്സിറ്റ് പോളുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസായിരിക്കും ഭരണം പിടിക്കുകയെന്നും ഫറൂഖ് അബ്ദുള്ള അവകാശപ്പെട്ടു. നിലവിലെ ഭരണത്തില്‍ നിരാശരായ വോട്ടർമാർ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.












Click it and Unblock the Notifications