'ഭീകരവാദികളെ കൊല്ലാൻ പാടില്ല, പിടികൂടി ചോദ്യം ചെയ്യണം': ഫാറൂഖ് അബ്ദുള്ള
ശ്രീനഗർ: ജമ്മു കശ്മീരിൽ ഉടനീളം അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരെ കണ്ടെത്തുന്നതിന്, തീവ്രവാദികളെ കൊല്ലുന്നതിന് പകരം ജീവനോടെ പിടികൂടണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. പിടിക്കപ്പെട്ട ഭീകരരെ ചോദ്യം ചെയ്യുന്നത് ഈ ആക്രമണങ്ങൾ നടത്തുന്ന ശൃംഖലകളെക്കുറിച്ച് കണ്ടെത്താൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബുദ്ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജമ്മു കശ്മീരിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ഇത് ചെയ്തതെന്ന് തനിക്ക് സംശയമുണ്ടെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

" അത് അന്വേഷിക്കണം. സർക്കാർ വന്നിട്ടും ഇത് എങ്ങനെയാണ് സംഭവിക്കുന്നത്. അവർ ( തീവ്രവാദികൾ ) പിടിക്കപ്പെട്ടാൽ നമ്മൾക്ക് കണ്ടെത്താൻ സാധിക്കും ഇത് ആരാണ് ചെയ്യുന്നതെന്ന്. അവരെ കൊല്ലരുത്, പിടികൂടി അവർക്ക് പിന്നിലാരാണ് എന്ന് ചോദിക്കണം. ഒമർ അബ്ദുള്ളയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഏതെങ്കിലും ഏജൻസിയുണ്ടോ എന്ന് പരിശോധിക്കണം, " അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന ബുദ്ഗാം ഭീകരാക്രമണം ഉൾപ്പെടെ ജമ്മുകശ്മീരിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഇതിൽ ഒരു ചോദ്യവുമില്ല. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഞാൻ പറയും എന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്.
അതേ സമയം, ജമ്മുകശ്മീരിലെ ജനങ്ങളെ സേവിക്കുന്നതിനായി തന്റെ ജീവിതം ചെലവഴിച്ച വ്യക്തിയാണ് ഫാറൂഖ് അബ്ദുള്ള എന്നും അദ്ദേഹത്തിന്റെ സത്യസന്ധതിയിലും തനിക്ക് സംശയമില്ലെന്നും അത്തരമൊരു നേതാവ് എന്തെങ്കിലും പ്രസ്താവന നടത്തുകയാണെങ്കിൽ കേന്ദ്ര സർക്കാർ, പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയം അത് ഗൗരവമായി കാണണമെന്നും ആ സാഹചര്യം എങ്ങനെ പരിഹരിക്കാനാകുമെന്ന് ആലോചിക്കുകയും വേണമെന്ന് ശരദ് പവാർ പറഞ്ഞു.
അതേ സമയം ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീർ ബി ജെ പി അധ്യക്ഷൻ രവീന്ദർ റെയ്ന രംഗത്തെത്തി. ഭീകരവാദം പാകിസ്ഥാനിൽ നിന്നാണ് വരുത്തതെന്ന് ഫാറൂഖ് അബ്ദുള്ളയ്ക്ക് അറിയാമെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണതെന്നും ഇതിൽ എന്താണ് അന്വേഷിക്കാനുള്ളതെന്ന് എന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അതിഥി തൊഴിലാളികൾക്ക് നേരെ ബഡ്ഗാമിൽ ഭീകരവാദികൾ വെടിയുതിർത്തിരുന്നു. സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ മാസം കേന്ദ്ര ഭരണപ്രദേശത്ത് പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം കശ്മീർ താഴ്വരയിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം ആണിത്.












Click it and Unblock the Notifications