യുപിയിൽ കുട്ടികളെ ബന്ദിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു
ലഖ്നോ: യുപിയിൽ കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു. 10 മണിക്കൂറോളം നീണ്ട നടപടികൾക്കൊടുവിലാണ് കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാം ബന്ദികളാക്കിയ കുട്ടികളെ പോലീസ് മോചിപ്പിച്ചത്. അയൽ വീടുകളിലെ 21 കുട്ടികൾക്ക് പുറമെ സ്വന്തം ഭാര്യയേയും ഒന്നരവയസുകാരിയായ മകളെയും ഇയാൾ വീട്ടിൽ ബന്ദികളാക്കിയിരുന്നു.
അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി കുട്ടികളെയും യുവതിയേയും പോലീസ് പുറത്തെത്തിച്ചതിന് പിന്നാലെയായിരുന്നു നാട്ടുകാരുടെ ആക്രമണം. നാട്ടുകാർ കൂട്ടം ചേർന്ന് ഇവരെ മർദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു. ഗുരുതമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേ സമയം ഭാര്യയുടെ അറിവോടെയാണ് ഇയാൾ കുട്ടികളെ ബന്ദികളാക്കിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

തന്റെ മകളുടെ പിറന്നാൾ ആഘോഷത്തിനായി ഇയാൾ അയൽ വീടുകളിലെ കുട്ടികളെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഏറെ നേരമായി കുട്ടികൾ മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ സുഭാഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ കുട്ടികലെ ബന്ദികളാക്കിയ വിവരം അറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
സുഭാഷിൻറെ കൈവസം തോക്കുണ്ടായിരുന്നതിനാൽ പോലീസ് സംയമനത്തോടയൊണ് വിഷയം കൈകാര്യം ചെയ്തത്. പോലീസ് വാഹനത്തിന് നേരെ ഇയാൾ ബോംബേറ് നടത്തുകയും ചെയ്തു. തുടർന്ന് 10 മണിക്കൂർ നീണ്ട ഓപ്പറേഷനൊടുവിലാണ് ഇയാളെ പോലീസ് കീഴടക്കുന്നത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഇയാൾ അലറിയിരുന്നെന്നും പോലീസ് പറയുന്നു. ഓപ്പറേഷനിൽ പങ്കെടുത്തവർക്ക് ഉത്തർപ്രദേശ് സർക്കാർ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications