വന്ദേഭാരതിനെക്കാൾ വേഗത്തിൽ കുതിക്കും; മണിക്കൂറിൽ 220 കിമീ വേഗത..വരുന്നു പുതിയ അതിവേഗ ട്രെയിനുകൾ
അതിവേഗ ട്രെയിനായ വന്ദേഭാരതിന് രാജ്യത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഇപ്പോഴിതാ വന്ദേഭാരതിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന മറ്റൊരു പുതിയ ട്രെയിൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് റെയിൽവം. 220 കിലോമീറ്റർ വേഗതയുള്ള രണ്ട് ട്രെയിൻ സെറ്റുകൾക്ക് റെയിൽവേ ബോർഡ് അനുമതി നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ട്രെയിനുകൾ നിലവിലെ വേഗത പരിധികൾക്കപ്പുറം ആധുനിക സൗകര്യങ്ങൾ വാഗ്ദാനം ചെയ്യും. ,
2027-28 വർഷത്തേക്കുള്ള കോച്ച് പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് തീരുമാനം റെയിൽവെ ബോർഡ് അംഗീകരിച്ചത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് ഇത് സംബന്ധിച്ച അനുമതി നൽകിയിട്ടുണ്ട്.ഓരോ ട്രെയിൻ സെറ്റിലും 16 ബ്രോഡ്-ഗേജ് കോച്ചുകൾ ഉണ്ടാകും. ഇന്ത്യൻ റെയിൽവേയുടെ പാതകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇവ നിർമ്മിക്കുക. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഡിസൈൻ വേഗത മണിക്കൂറിൽ 180 കിമിയാണ് ആണ്. പുതിയ ട്രെയിനുകൾക്ക് മണിക്കൂറിൽ 200 കിമി ഡിസൈൻ വേഗതയും പ്രവർത്തന വേഗതയുമുണ്ടാകും.

. 2024 ഒക്ടോബറിൽ രണ്ട് അതിവേഗ ട്രെയിൻ സെറ്റുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമുള്ള കരാർ ഇന്റഗ്രൽ കോച്ച് ഫാക്ടറി ബിഇഎംഎല്ലിന് നൽകിയിരുന്നു. ഓരോ ട്രെയിൻ സെറ്റും തുടക്കത്തിൽ 8 കോച്ചുകളോടെയാണ് നിർമ്മിക്കുക. ഒരു കോച്ചിന് 27.86 കോടി രൂപയും മൊത്തം കരാർ മൂല്യം 866.87 കോടി രൂപയുമാണ് കണക്കാക്കുന്നത്.
ഭാവിയിലെ അതിവേഗ ട്രെയിനുകളുടെ ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവുകൾ, നിർമ്മാണത്തിനുള്ള ടൂളിംഗ്, ആവശ്യമായ ടെസ്റ്റിംഗ് സൗകര്യങ്ങൾ എന്നിവയെല്ലാം ഈ വലിയ പദ്ധതിയുടെ ഭാഗമാണ്.പുറത്തിറങ്ങുന്ന ട്രെയിനുകളിൽ സ്റ്റീൽ ബോഡിയുള്ള കോച്ചുകളും പൂർണ്ണമായും ശീതീകരിച്ച ചെയർ കാർ സൗകര്യവും ഉണ്ടാകും. ചാരിയിരിക്കാവുന്ന സീറ്റുകൾ, ഓൺബോർഡ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക യാത്രാസൗകര്യങ്ങളും ലഭ്യമാകും.
മികച്ച യാത്ര സൌകര്യത്തോടൊപ്പം സുരക്ഷിതമായും കാര്യക്ഷമമായും ഉയർന്ന വേഗതയിൽ സർവീസ് നടത്താൻ പുതിയ ട്രെയിനുകൾക്ക് സാധിക്കും. പുതിയ 220 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ സമഗ്രമായ നവീകരണ ശ്രമങ്ങളുടെ ഭാഗമാണ്. രാജ്യത്തെ റെയിൽ ഗതാഗത മേഖലയെ ആധുനികവൽക്കരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നിലവിൽ, ഇന്ത്യയിൽ 200 കിലോമീറ്ററിലധികം വേഗതയുള്ള ട്രെയിനുകളില്ല. ട്രാക്ക് പരിമിതികൾ കാരണം മിക്ക സർവീസുകളും 160 കിലോമീറ്ററിലാണ് ഓടുന്നത്. പുതിയ ട്രെയിൻ സെറ്റുകളും ഹൈ-സ്പീഡ് ടെസ്റ്റ് ട്രാക്കുകളും വേഗതയേറിയ യാത്രാമാർഗ്ഗങ്ങളിലേക്ക് റെയിൽവേയെ നയിക്കും.












Click it and Unblock the Notifications