ബുള്ളറ്റ് തീവണ്ടിയല്ല, ഇത് പുതിയ രാജധാനി... കൂടുതല്‍ വേഗത, കുറഞ്ഞ സമയം..
ദില്ലി: അതിവേഗം ബഹുദുരമോടുന്ന ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് തീവണ്ടിക്ക് തറക്കല്ലിട്ടിട്ട് അധിക കാലമായില്ല, അതിനു പിന്നാലെ മുംബൈ- ദില്ലി രാജധാനി എക്സ്പ്രസിന്റെ മുഖം മിനുക്കാന്‍ റെയില്‍വേ മന്ത്രാലയം തയ്യാറെടുക്കുന്നു. പുതിയ രാജധാനി എക്സ്പ്രസ്സില്‍ മുംബൈയില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രാസമയം നിലവില്‍ ഉള്ളതിനേക്കാള്‍ രണ്ടു മണിക്കൂര്‍ കുറയും.
ദീപാവലിയോടനുബന്ധിച്ച് പുതിയ രാജധാനി എക്സ്പ്രസ്സ് ഓടിത്തുടങ്ങുമെന്നാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുതിയ രാജധാനി എക്സ്പ്രസ്സില്‍ മുംബൈയിലെ ബാന്ദ്രയില്‍ നിന്നും ദില്ലിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് 13 മണിക്കൂര്‍ കൊണ്ട് എത്താം. 24 കോച്ചുകളാണ് പുതിയ രാജധാനി എക്പ്രസ്സിലുള്ളത്.
നിലവില്‍ ഈ റൂട്ടില്‍ രണ്ട് രാജധാനി എക്സ്പ്രസ്സുകളാണ് ഓടുന്നത്. ഇത് രണ്ടും 15 മണിക്കൂര്‍ സമയം കൊണ്ടാണ് എത്തുന്നത്. പുതിയ രാജധാനി എക്സ്പ്രസ്സിന്റെ പരീക്ഷണ ഓട്ടം രണ്ടു ദിവസത്തിനുള്ളില്‍ നടത്തുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.