11കാരിയെ പീഡിപ്പിച്ചത് അച്ഛൻ, സഹോദരൻ, അപ്പൂപ്പൻ, അമ്മാവൻ....
പൂനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുടുംബാംഗങ്ങൾ ചേർന്ന് പീഡിപ്പിച്ചത് തുടർച്ചയായ അഞ്ചു വർഷം. കുട്ടിയുടെ സ്വന്തം അച്ഛൻ, സഹോദരൻ, മുത്തച്ഛൻ, അമ്മാവൻ എന്നിവർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്നത്. ക്ലാസിൽ ഗുഡ് ടച്ച് ബാഡ് ടച്ച് എന്ന വിഷയത്തിൽ സംസാരിക്കവെയാണ് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷം കുടുംബാംഗങ്ങൾ പെൺകുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി പൂനെ പൊലീസ് പറയുന്നു.
2017 കുടുംബം ബിഹാറിൽ താമസിക്കുമ്പോഴാണ് കുട്ടിയുടെ അച്ഛൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. 2020 മുതലാണ് പെൺകുഞ്ഞിന്‍റെ സഹോദരൻ കുഞ്ഞിനെ പീഡിപ്പിച്ചു തുടങ്ങുന്നത്. കുട്ടിയുടെ മുത്തച്ഛനും അകന്ന ബന്ധത്തിലുള്ള അമ്മാവനും പെൺകുട്ടിയെ മോശമായ രീതിയിൽ സ്‌പർശിക്കാറുണ്ടെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.

ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. പെൺകുഞ്ഞിന്‍റെ സഹോദരൻ, 45 കാരനായ അച്ഛൻ, 60 കാരനായ മുത്തച്ഛൻ, 25 കാരനായ അമ്മാവൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബിഹാർ സ്വദേശികളാണ് ഈ കുടുംബം.
നിലവിൽ കുടുംബം താമസിക്കുന്നത് പൂനെയിലാണ്. വ്യത്യസ്‌ത സമയങ്ങളിലാണ് ഇവർ പെൺകുഞ്ഞിനെ പീഡിപ്പിച്ചിരിക്കുന്നതെന്നും പ്രതികൾക്ക് മറ്റ് പ്രതികളുമായി കുറ്റത്തിൽ പങ്കില്ലാത്തതിനാൽ കൂട്ടബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ പോക്‌സോ കേസും ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications