
ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചു; മുസ്ലിം യുവാവിന്റെ വീടിന് തീ കൊളുത്തി ഹിന്ദു സംഘടന
ആഗ്ര; ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിന്റെ വീടിന് തീയിട്ട് ധരം ജാഗരൺ സമൻവയ് സംഘ് എന്ന ഹിന്ദു സംഘടന. ഉത്തർ പ്രദേശിലെ ആഗ്രയിലെ റുനക്ത എന്ന സ്ഥലത്ത് വെള്ളിയാഴ്ചയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ജിം ഉടമയായ സാജിദ് എന്നയാളുടെ വീടും അയൽപക്കത്തെ മറ്റൊരു വീടും ആണ് അക്രമകാരികൾ അ ഗ്നിക്കിരയാക്കിയത്. ഇരുപത്തിരണ്ടുകാരിയായ ഹിന്ദു യുവതിയുമായി പ്രണയത്തിലായിരുന്ന സാജിദ് കാമുകിയുമായി കഴിഞ്ഞ ദിവസം ഒളിച്ചോടിയിരുന്നു. പിന്നീട് യുവതിയെ കണ്ടുപിടിച്ചെങ്കിലും സാജിദ് ഇപ്പോഴും ഒളിവിലാണ്.
വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ സാജിദ് യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും അക്രമകാരികൾ പൊലീസിനോട് ആവശ്യപ്പെട്ടു. ആൾക്കൂട്ടത്തിന്റെ ആവശ്യപ്രകാരം പ്രാദേശിക മാർക്കറ്റിലെ കടകളും വെള്ളിയാഴ്ച അടച്ചിരുന്നു. സംഭവത്തെത്തുടർന്ന് അശ്രദ്ധയുടെ പേരിൽ പൊലീസ് പോസ്റ്റ് ഇൻചാർജിനെ സസ്പെൻഡ് ചെയ്യുകയും സിക്കന്ദ്ര സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ അന്വേഷണത്തിന് അധികാരികൾ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അയാൾക്കെതിരെയും നടപടിയെടുക്കുമെന്ന് ആഗ്രയിലെ സീനിയർ പോലീസ് സൂപ്രണ്ട് സുധീർ കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിങ്കളാഴ്ചയാണ് യുവതിയെ കാണാതായത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം പോലീസ് അവളെ കണ്ടെത്തി. എന്നാൽ സാജിദ് എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കാണാതായ സാജിദിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. എന്നാൽ ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. താൻ പ്രായപൂർത്തിയായ ആളാണെന്നും സാജിദിനൊപ്പം സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും ആ വീഡിയോയിൽ യുവതി പറയുന്നു.
ഉപതെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വിജയം, ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
തുടർന്ന് രണ്ട് പേരും പ്രായപൂർത്തിയായവരാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് സുധീർ സിംഗ് സ്ഥിരീകരിച്ചു. ഇതിൽ പൊലീസിന് തുടർന്ന് ഒന്നും ചെയ്യാൻ സാധിക്കില്ല. ഈയാഴ്ച ഉത്സവ അവധിയായതിനാൽ ഇതു വരെ യുവതിയെ കോടതിയിൽ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും അവധി തീർന്ന ഉടൻ യുവതിയെ പൊലീസ് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വീടുകൾ കത്തിച്ച സംഘത്തിലെ അംഗങ്ങൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. യുവാവിനെതിരെ യുവതിയുടെ വീട്ടുകാരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.